ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് ഉയർത്തി
Saturday, August 9, 2025 11:48 PM IST
മുംബൈ: മിനിമം ബാലൻസ് പരിധി കുത്തനെ ഉയർത്തി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഈ മാസം ഒന്നാം തീയതി മുതൽ ആരംഭിച്ച സേവിംഗ്സ് അക്കൗണ്ടുകൾക്ക് പുതിയ മിനിമം ബാലൻസ് ബാധകമാകും. ഇതിനു മുന്പ് അക്കൗണ്ടുണ്ടായിരുന്നവർക്ക് പഴയ നിരക്കു തുടരും.
രാജ്യത്തെ എല്ലാ മേഖലകളിലെയും അക്കൗണ്ടുകൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഒരു മാസമുണ്ടാകേണ്ട ശരാശരി ബാലൻസ് ഉയർത്തിയത്. ആഭ്യന്തര ബാങ്കുകളിലുണ്ടായിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ ആവറേജ് ബാലൻസ് ആണിത്.
മെട്രോ-നഗര മേഖലകൾ, സെമി അർബൻ മേഖല, റൂറൽ മേഖല എന്നിങ്ങനെ മൂന്നു വിഭാഗമായാണ് പ്രതിമാസ ശരാശരി ബാലൻസ് ഉയർത്തിയത്.
പുതിയ മാനദണ്ഡപ്രകാരം മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്ക് പ്രതിമാസമുണ്ടായിക്കേണ്ട മിനിമം ബാലൻസ് 10,000 രൂപയിൽനിന്ന് 50,000 രൂപയാക്കി. സെമി അർബൻ മേഖലയിൽ മുന്പുണ്ടായിരുന്ന 5000 രൂപയിൽനിന്ന് 25,000 രൂപയായി കൂട്ടി. ഗ്രാമമേഖലകളിൽ 10,000 രൂപയാക്കി. മുന്പ് ഇത് 2500 രൂപയായിരുന്നു.
പ്രതിമാസ മിനിമം ആവറേജ് ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴയീടാക്കും. അക്കൗണ്ടിൽ മിനിമം ബാലൻസിൽ കുറവുള്ള തുകയുടെ ആറു ശതമാനമോ അല്ലെങ്കിൽ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കും.
പണമിടപാടുകൾക്കുള്ള സർവീസ് ചാർജും ബാങ്ക് വർധിപ്പിച്ചു. ബ്രാഞ്ച് വഴിയോ കാഷ് റിസൈക്ലർ മെഷീൻ വഴിയോ ഒരുമാസം മൂന്ന് സൗജന്യ ഇടപാടുകളിലായി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
അതിനു ശേഷം ഓരോ നിക്ഷേപത്തിനും 150 രൂപ വീതമോ അല്ലെങ്കിൽ ഒരോ ആയിരം രൂപയ്ക്കും 3.50 രൂപ എന്ന നിരക്കിലോ ചാർജ് ഈടാക്കും. ഇതിൽ കൂടിയ തുക ഏതെന്ന് നോക്കിയാണ് ചാർജായി ഈടാക്കുക.
തേർഡ് പാർട്ടി കാഷ് ഡെപ്പോസിറ്റിനു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒറ്റത്തവണ 25,000 രൂപവരെയാണ് തേർഡ് പാർട്ടി ഡെപ്പോസിറ്റ് നടത്താനാകുക.
തുക പിൻവലിക്കലിനു പ്രതിമാസം മൂന്നെണ്ണം സൗജന്യമായി നടത്താനാകും. അതിനുശേഷം 150 രൂപ ഈടാക്കും.
2020-21 മുതൽ 2024-25 വരെയുള്ള അഞ്ചു വർഷങ്ങളിൽ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്താത്തതിന് പൊതുമേഖലാ ബാങ്കുകൾ പിഴയായി 8,932.98 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.