കുതിച്ച് റബർ; കോളടിച്ച് കൊക്കോ!
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, February 26, 2024 1:56 AM IST
ടോക്കോമിൽ റബർ ഏഴു വർഷത്തെ ഉയർന്ന തലത്തിലേക്കു പറന്നുയർന്നു. ആഗോള വിപണി സാങ്കേതികമായി ബുള്ളിഷ് ട്രെൻഡിലാണ്. കുരുമുളകു വിലയിലെ ഇടിവിനു മുന്നിൽ മധ്യവർത്തികൾ പതറുന്നു. ചുക്ക് വീണ്ടും ചൂടുപിടിച്ചു. മോഹച്ചരക്കായി കൊക്കോ പ്രയാണം തുടരുന്നു.
റബർ കുതിപ്പ്
ടയർ ലോബിയെ ഞെട്ടിച്ച് രാജ്യാന്തര വിപണിയിൽ റബർ വില കുതിക്കുകയാണ്. ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കു റബർ ചുവടുവച്ചത് ടയർ ലോബിയെ അസ്വസ്ഥരാക്കി. വിപണി പിടിച്ചാൽ കിട്ടാത്തവിധം ചൂടുപിടിച്ചെന്നു ബോധ്യമായത് അവരെ അലട്ടുന്നുണ്ട്. 303 യെന്നിലേക്കു ടോക്കോമിൽ റബർ കുതിച്ചുകയറി. സാങ്കേതികവശങ്ങളിലുടെ വീക്ഷിച്ചാൽ വിപണി 336 യെന്നിനെയാണു ലക്ഷ്യമിടുന്നത്.
ഡോളറിനു മുന്നിൽ യെന്നിന്റെ ചാഞ്ചാട്ടം പല അവസരത്തിലും നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കും. ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ രാജ്യാന്തര റബറിൽ പ്രതിഫലിക്കും. പ്രതികൂല കാലാവസ്ഥയിൽ ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും റബർ ടാപ്പിംഗ് സ്തംഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അടുത്ത രണ്ടു മാസം ഷീറ്റുക്ഷാമം വിട്ടുമാറില്ല.
സ്റ്റോക്ക് കുറവ്
ഓട്ടോമൊബൈൽമേഖല വളർച്ചയുടെ പാതയിൽ നീങ്ങുന്നതിനാൽ ടയർ മേഖലയ്ക്കു റബർ ആവശ്യമാണ്. വൻകിട ടയർ കന്പനികളുടെ ഗോഡൗണിൽ പരമാവധി 30-40 ദിവസത്തെ ആവശ്യത്തിനുള്ളതിൽ കൂടുതൽ ഷീറ്റ് സ്റ്റോക്കില്ലെന്നാണു സൂചന. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ താത്പര്യത്തിൽ ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ റബർ നേട്ടം നിലനിർത്തും. ബാങ്കോക്കിൽ വില 18,000ൽനിന്ന് 19,000 രൂപയായി.
കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വാരാന്ത്യം 16,600ലും അഞ്ചാം ഗ്രേഡ് 16,200 രൂപയിലുമാണ്. ഒട്ടുപാൽ 10,500ലും ലാറ്റക്സ് 11,300 രൂപയിലുമാണ്. കൊച്ചിയിലും കോട്ടയത്തും വിൽപ്പനക്കാരില്ലെന്നാണു വ്യാപാരികളുടെ പക്ഷം. വരവ് നാമമാത്രവും. ഇത്തരം സാഹചര്യത്തിൽ വില 190 രൂപയല്ല, 214 രൂപയിലേക്കു മുന്നേറിയാലും അത്ഭുതപ്പെടാനില്ല. എന്നാൽ വിപണിയുടെ മൂക്കുകയർ ടയർ ലോബിയുടെ കരങ്ങളിലാണെന്നതും കണക്കിലെടുക്കണം.
മുളകിൽ നീറി
കുരുമുളകിനു നേരിട്ട വിലത്തകർച്ച വിപണിയിലെ മധ്യവർത്തികളെ മുൾമുനയിലാക്കി. പോയവാരം ക്വിന്റലിന് 2,100 രൂപ ഇടിഞ്ഞു, ഈ മാസം മുളകുവില 3700 രൂപ താഴ്ന്നു. വൻ വില മോഹിച്ച് ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ ചരക്കു ശേഖരിച്ചവർ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. വിപണിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാതെ, കൈ നനയാതെ മീൻ പിടിക്കാമെന്ന മോഹത്തിൽ വൻതുക നിക്ഷേപിച്ചവർ നക്ഷത്രമെണ്ണുന്നു.
ജനുവരി ആദ്യ ദിനത്തിലെ വിലയിലും ക്വിന്റലിന് 7,800 രൂപ ഇടിഞ്ഞു. കൊച്ചിയിൽ വാരാന്ത്യം അണ്ഗാർബിൾഡ് കുരുമുളക് വില 52,000 രൂപയിലാണ്. സ്റ്റോക്ക് വിറ്റുമാറി നഷ്ടസാധ്യത കുറയ്ക്കാനുള്ള പരക്കംപാച്ചിലും നടക്കുന്നുണ്ട്. അവസരം നേട്ടമാക്കി താഴ്ന്ന വിലയ്ക്കു മുളക് കൈക്കലാക്കുകയാണ് ഉത്തരേന്ത്യക്കാർ. കൊച്ചിയിൽ മാത്രം പല ദിവസങ്ങളിലും 50 ടണ്ണിലധികം കുരുമുളക് വിൽപ്പനയ്ക്കു വന്നു. പഴയതും പുതിയതുമായ മുളക് നാട്ടിൻപുറങ്ങളിലെ ചെറുകിട വിപണികളിലും നിത്യേന വിൽപ്പനയ്ക്ക് ഇറങ്ങുന്നുണ്ട്.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 6,200 ഡോളറിലേക്ക് ഇടിഞ്ഞു. വിലയിടിവിനിടയിലും പുതിയ വിദേശ അന്വേഷണങ്ങളില്ലെന്നാണു കയറ്റുമതിക്കാരുടെ പക്ഷം. ചരക്കുക്ഷാമം കാരണം ബ്രസീൽ രംഗത്ത് സജീവമല്ല. ലൂണാർ പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് ഇടപാടുകൾ പുനരാരംഭിച്ച ഇന്തോനേഷ്യൻ, വിയറ്റ്നാം വിപണികളിലും മുളകുവിലയിൽ കാര്യമായ വ്യതിയാനമില്ല.
ഇന്ത്യൻ മുളകിന്റെ വിലയിടിവുകണ്ട് വിദേശത്തുനിന്ന് ഇറക്കുമതി നടത്തിയ ചരക്ക് വിറ്റഴിക്കാൻ കൊളംബോയിലെ കയറ്റുമതിക്കാർ പരക്കം പായുകയാണ്. നഷ്ടസാധ്യത കുറയ്ക്കാനുള്ള ശ്രീലങ്കയുടെ നീക്കം ഇവിടത്തെ മധ്യവർത്തികൾക്കാകും ഫലത്തിൽ തിരിച്ചടിയാവുക.
ചുക്കിനു നല്ലകാലം
ഉയർന്ന വിലയ്ക്കു ചുക്ക് സംഭരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാരും വിദേശവ്യാപാരികളും ഉത്സാഹിച്ചു. പച്ച ഇഞ്ചിയുടെ വില ഉയർന്നതിനാൽ ചുക്കുവില ഉയർത്താൻ ഉത്പാദകർ നിർബന്ധിതരായി. ശൈത്യകാലം കഴിഞ്ഞതോടെ ജനുവരി മുതൽ ഡിമാൻഡ് അൽപ്പം കുറവായിരുന്നു. എന്നാൽ, പൊടുന്നനെ വിപണി തിരിച്ചുവരവു നടത്തി. മികച്ചയിനം ചുക്ക് വില 39,000 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ഉണർവ് ദൃശ്യമാണ്. ആഭരണവിപണികളിൽ പവൻ 45,760 രൂപയിൽനിന്ന് 46,160 രൂപയായി. വാരാന്ത്യം ഒരു ഗ്രാമിന് വില 5770 രൂപ എന്ന നിലയിലാണ്.
കർഷകർ തോട്ടങ്ങൾ അരിച്ചുപെറുക്കുകയാണ്, വീണു കിടക്കുന്ന കൊക്കോ ശ്രദ്ധയിൽപ്പെടാതെ കിടപ്പുണ്ടോയെന്നറിയാൻ. സംസ്ഥാനത്തെ കൊക്കോവില വാരാന്ത്യം സർവകാല റിക്കാർഡിലാണ്. ഒരു കിലോ 475 രൂപ വരെയെത്തി.
പച്ച കൊക്കോ വില 190 രൂപയിലാണ്. മുറുക്കിപ്പിടിച്ചാൽ 200 രൂപയുമായി മടങ്ങാൻപറ്റുമെന്നാണ് ഉത്പാദകരുടെ നിരീക്ഷണം. വിദേശവിപണികളും വൻ ആവേശത്തിലാണ്. രൂക്ഷമായ ചരക്കുക്ഷാമത്തിൽ കൊക്കോവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിന് 6,750 ഡോളർ വരെ മുന്നേറിയശേഷം വാരാന്ത്യം 6,562 ഡോളറിലാണ്. വാരാന്ത്യദിനത്തിൽ മാത്രം ടണ്ണിന് 393 ഡോളർ കയറി; ആറു ശതമാനത്തിലധികം വർധന.