ആബേയ്ക്കു യാത്രാമൊഴി
Wednesday, September 28, 2022 12:29 AM IST
ടോക്കിയോ: അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കു ജപ്പാൻജനത വിടനല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ജാപ്പനീസ് കിരീടാവകാശി അകിഷിനോ തുടങ്ങി വിവിധരാജ്യങ്ങളിൽനിന്നുള്ള നൂറിലേറെ പ്രമുഖർ സര്ക്കാര് നടത്തിയ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ഷിൻസോ ആബെയുടെ സംസ്കാരച്ചടങ്ങ് വിപുലമായി നടത്തുന്നതിനെതിരേ വലിയ പൊതുജന പ്രതിഷേധം ഉയർന്നിരുന്നു. രാജ്യത്തെ 60 ശതമാനം ജനങ്ങളും പൊതുചടങ്ങിനെതിരായിരുന്നുവെന്നാണു സർവേയിലെ കണ്ടെത്തൽ.
ആബേയുടെ സംസ്കാരച്ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച ഫലവത്തായിരുന്നുവെന്നു മോദി ട്വീറ്റ് ചെയ്തു. മോദി-കിഷിദ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
മരണത്തിനു പിന്നാലെ ആബെയുടെ സംസ്കാരച്ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ, പിന്നീട് പൂർണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങ് നടത്താൻ ഒന്നുകൂടി സർക്കാർ തീരുമാനിക്കുകയായിരുന്നു.