വാണിജ്യ കരാറിനെതിരേ കർഷകസംഘടനകൾ
Saturday, June 28, 2025 2:41 AM IST
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ കരാർ കൃഷിയെയും വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്നും ദേശീയതാത്പര്യങ്ങളെ ബാധിക്കുന്ന കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവയ്ക്കരുതെന്നും സംയുക്ത കിസാൻ മോർച്ച.
അമേരിക്കയുമായുള്ള വാണിജ്യ കരാർ, ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ തുടങ്ങിയവയുമായി ബന്ധപ്പെട്ട കക്ഷികളോട് കേന്ദ്രസർക്കാർ ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. കൃഷി കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഭീഷണിയാണ്.
കൃഷി, മത്സ്യബന്ധനം, ക്ഷീരോത്പാദനവുമായി ജീവിക്കുന്നവരെയും ഈ കരാറുകൾ സാരമായി ബാധിക്കും. ഭരണഘടനപ്രകാരം കൃഷിയും വ്യവസായവും സംസ്ഥാന പട്ടികയിലായതിനാൽ വ്യാപാര കരാറുകളെക്കുറിച്ചുള്ള കരട് നിർദേശങ്ങൾ പാർലമെന്റിൽ വയ്ക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.