ബിജെപി സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി നൽകാൻ മോദിയെ വെല്ലുവിളിച്ച് കേജരിവാൾ
സ്വന്തം ലേഖകൻ
Monday, October 7, 2024 4:45 AM IST
ന്യൂഡൽഹി: എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി നൽകാൻ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ.
പ്രധാനമന്ത്രി ഈ ആവശ്യം നിറവേറ്റിയാൽ വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കേജരിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച ’ജനത കി അദാലത്ത്’ പരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു കേജരിവാളിന്റെ വെല്ലുവിളി.
രാജ്യത്തെ ഇരട്ട എൻജിൻ തകരാറിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ഒരു എൻജിൻ തകരാറിലായി, ഇപ്പോൾ രണ്ടാമത്തെ എൻജിൻ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തകരാറിലാണ്.ഹരിയാനയിലെയും കാഷ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബിജെപി ഭരണത്തിൽ തുടരില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഡബിൾ എൻജിൻ എന്നാൽ ’ഇരട്ടക്കൊള്ള’ എന്നാണെന്നും കേജരിവാൾ പരിഹസിച്ചു. ഈ കൊള്ള വേണ്ട എന്ന് ജനങ്ങൾ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയ ശേഷം പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവയാണ് ഉണ്ടായിരിക്കുന്നതെന്ന് ജനങ്ങൾ മനസിലാക്കിയതായും കേജരിവാൾ പറഞ്ഞു.
അധോലോകം മുംബൈ ഭരിച്ചതുപോലെയാണ് ഡൽഹിയുടെ അവസ്ഥ. കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് രാജ്യതലസ്ഥാനത്തെ ക്രമസമാധാനനില ശ്രദ്ധിക്കുന്നില്ല. മറിച്ച്, ഡൽഹി സർക്കാരിന്റെ പ്രവർത്തങ്ങൾ തടസപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നും ലഫ്. ഗവർണറുടെ ഭരണത്തിൽനിന്ന് ഡൽഹിക്ക് മോചനം വേണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.