തിരുപ്പതി ലഡു വിവാദം : എസ്ഐടി അന്വേഷണം നിർത്തിവച്ചു
Wednesday, October 2, 2024 4:10 AM IST
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമാണത്തിന് മൃഗക്കൊഴുപ്പുള്ള നെയ് ഉപയോഗിച്ചുവെന്ന വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആന്ധ്രപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാലാണെന്ന് ആന്ധ്ര ഡിജിപി ദ്വാരക തിരുമല റാവു പറഞ്ഞു.
ലഡു നിർമാണത്തിനുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനെക്കുറിച്ചും ഗുണനിലവാരം പരിശോധിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ രണ്ടുദിവസമായി അന്വേഷിച്ചുവരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ സുപ്രീംകോടതിയിൽനിന്നുള്ള ഉത്തരവ് ഉണ്ടായതിനാൽ തുടർനടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് ഡിജിപിയുടെ വിശദീകരണം. സംസ്ഥാനസർക്കാർ രൂപവത്കരിച്ച പ്രത്യേകസംഘം അന്വേഷണം നടത്തണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യാഴാഴ്ച കോടതി തീരുമാനമെടുത്തേക്കും.