"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കും: സിപിഎം
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി:"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കേന്ദ്രീകൃതമായ ഭരണസംവിധാനത്തിന് വഴിവയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചു നടത്തുന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും കുഴിച്ചുമൂടുമെന്നും സിപിഎം വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകൾക്കും ലോക്സഭയ്ക്കും ഭരണഘടന അനുവദിക്കുന്ന അഞ്ചു വർഷ കാലാവധിയിൽ പുതിയ തെരഞ്ഞെടുപ്പ് സന്പ്രദായം കൈകടത്തും. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളായ പി.വി. അൻവർ, എഡിജിപി, ഇ.പി. ജയരാജൻ എന്നിവയൊന്നും കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ചയായില്ലെന്നാണു വിവരം. ദേശീയ രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളിൽ കേന്ദ്ര കമ്മിറ്റി നയം സ്വീകരിച്ചുവെങ്കിലും വിവാദം കത്തിനിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വാർത്താക്കുറിപ്പിൽ പരാമർശമില്ല.
സീതാറാം യെച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ആദ്യ കേന്ദ്ര കമ്മിറ്റി യോഗത്തിൽ മോദിസർക്കാരിന്റെ വിവിധ നടപടികളും ചർച്ചാവിഷയമായി. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഇസ്രയേലിലേക്കു കയറ്റുമതി ചെയ്യുന്നതിനെ സിപിഎം വിമർശിച്ചു.
ആയുധങ്ങൾ ഇസ്രയേലിലേക്കു കയറ്റുമതി ചെയ്യുന്നത് നിരോധിക്കണം. ഹമാസ്-ഇസ്രയേൽ യുദ്ധം തുടങ്ങിയതിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് പ്രതിഷേധദിനമായി ആചരിക്കാനും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
കലാപം തുടങ്ങി 16 മാസമായിട്ടും ഒരിക്കൽപോലും മണിപ്പുർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര കമ്മിറ്റി വിമർശിച്ചു. മണിപ്പുരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവയ്ക്കണം.
ഇലക്ടറൽ ബോണ്ട് കേസിൽ ധനമന്ത്രി നിർമല സീതാരാമനെതിരേ സമഗ്രമായ അന്വേഷണം വേണം. ബംഗാളിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചു.
പെട്രോൾ- ഡീസൽ വിലവർധനവ്, തൊഴിലില്ലായ്മ, അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവത്കരണം, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ സിപിഎം പ്രതിഷേധമറിയിക്കും. ഈ മാസം 15 മുതൽ ഒരു മാസത്തേക്ക് ഓരോ സംസ്ഥാനങ്ങളിലും ഒരാഴ്ച നീളുന്ന പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണു കേന്ദ്ര കമ്മിറ്റി തീരുമാനം.