ട്രെയിനിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവിനെ യാത്രക്കാർ തല്ലിക്കൊന്നു
Saturday, September 14, 2024 3:04 AM IST
കാൺപുർ: ഓടുന്ന ട്രെയിനിൽ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റെയിൽവേ കരാർ ജീവനക്കാരനെ യാത്രക്കാർ ട്രെയിനിൽവച്ച് തല്ലിക്കൊന്നു.
ലക്നോവിനും കാൺപുരിനും ഇടയിൽ സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ പ്രശാന്ത്കുമാർ (34) ആണു കൊല്ലപ്പെട്ടത്. ഇയാളെ കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു.
അമ്മ മാറിയ തക്കംനോക്കി, പതിനൊന്നുകാരിയെ പ്രശാന്ത്കുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി അമ്മയോടു പറഞ്ഞപ്പോൾ, കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന പ്രശാന്ത്കുമാറിനെ പിടികൂടി.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്‍കി.