മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയാർ: മമത ബാനർജി
Friday, September 13, 2024 2:27 AM IST
കോൽക്കത്ത: ജൂണിയർ ഡോക്ടർമാരുടെ പ്രതിഷേധിത്തിനിടെ രാജിസന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഉന്നതപദവിയിൽ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും മമത പറഞ്ഞു. സെക്രട്ടേറിയറ്റിൽ നിശ്ചയിച്ച കൂടിക്കാഴ്ചയിൽ ഡോക്ടർമാർ പങ്കെടുക്കാതിരുന്നതിനു പിന്നാലെയാണ് മമത വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
രണ്ടു മണിക്കൂറാണ് ഡോക്ടർമാർക്കായി മമത കാത്തിരുന്നത്. കൂടിക്കാഴ്ചയ്ക്കു തയാറാകാത്ത ഡോക്ടർമാരുടെ നടപടിയെ മമത രൂക്ഷമായി വിമർശിച്ചു. ആർ.ജി. കർ ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർക്കു നീതി ലഭിക്കണമെന്നതാണ് തന്റെയും ആവശ്യമെന്ന് അവർ പറഞ്ഞു.
കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന് ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും തത്സമയ സംപ്രേഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. ഇതോടെയാണ് ഡോക്ടർമാർ ചർച്ചയിൽനിന്നു പിന്മാറിയത്. ചൊവ്വാഴ്ച അഞ്ചു മണിക്കകം ജോലിക്കു കയറണമെന്ന സുപ്രീംകോടതി നിർദേശം വകവയ്ക്കാതെയാണ് ജൂണിയർ ഡോക്ടർമാർ സമരം തുടരുന്നത്.