മാധബി ബുച്ചിനെതിരേ പിഎസി അന്വേഷണം ഉണ്ടായേക്കും
Saturday, September 7, 2024 1:54 AM IST
ന്യൂഡൽഹി: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി ബുച്ചിനെതിരേയുള്ള ആരോപണങ്ങൾ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) അന്വേഷിച്ചേക്കും.
ഈ മാസം അവസാനത്തോടെ മാധബിയെ വിളിച്ചുവരുത്തുമെന്നാണു സൂചന. പിഎസി ചെയർമാൻ കെ.സി. വേണുഗോപാലാണ് ഇക്കാര്യം സൂചിപ്പിച്ചത്. എൻഡിഎ, ഇന്ത്യ സംഖ്യ അംഗങ്ങൾ ഉൾപ്പെട്ടതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.
സെബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബുച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഓഗസ്റ്റ് 29നു ചേർന്ന പിഎസിയുടെ ആദ്യ യോഗത്തിൽ നിരവധി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിഎസിയുടെ അടുത്ത യോഗം ചൊവ്വാഴ്ച ചേരും. ഹിൻഡൻബർഗ് റിസർച്ച് ആണ് മാധബി ബുച്ചിനെതിരേ ആദ്യം ആരോപണമുന്നയിച്ചത്.