നീറ്റ് റദ്ദാക്കേണ്ടതില്ല: ആവർത്തിച്ച് സുപ്രീംകോടതി
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) റദ്ദാക്കേണ്ടതില്ലെന്ന് ആവർത്തിച്ചു സുപ്രീംകോടതി. വ്യാപകമായ ചോർച്ച നടന്നിട്ടില്ലെന്ന് അടിവരയിട്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2024 മേയിൽ നടന്ന പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിശദമായ വിധി പ്രസ്താവനയിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ ആവർത്തിച്ചത്.
അതേസമയം ഭാവിയിലെ പരീക്ഷാ നടത്തിപ്പിൽ കേന്ദ്രസർക്കാരും ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യും ശ്രദ്ധ പുലർത്തണമെന്നും കോടതി പറഞ്ഞു.
ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷ, ഗ്രേസ് മാർക്കുകൾ നൽകുന്നത് തുടങ്ങിയ കാര്യങ്ങളിൽ എൻടിഎ അവ്യക്തത ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മുൻ ഐഎസ്ആർഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിയെ എൻടിഎയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു.
പരീക്ഷാ സുരക്ഷയടക്കമുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താൻ സാധാരണ നടപടിക്രമങ്ങൾ വികസിപ്പിക്കാൻ കോടതി സമിതിയോട് നിർദേശിച്ചിട്ടുണ്ട്.
ജൂലൈ 23നാണ് നീറ്റിൽ പുനഃപരീക്ഷ ആവശ്യമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യാപകമായ ചോർച്ച നടന്നിട്ടില്ലെന്നും ജാർഖണ്ഡിലെ ഹസാരിബാഗിലും ബിഹാറിലെ പാറ്റ്നയിലും മാത്രമാണു ചോദ്യപേപ്പർ ചോർച്ച നടന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.