പൂജയുടെ ഐഎഎസ് തെറിക്കും
Saturday, July 20, 2024 2:12 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) തീരുമാനിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് യുപിഎസ്സി പുറത്തുവിട്ടതിനു പിന്നാലെ അവധിയിൽ പോകുകയാണെന്ന് പൂജ അറിയിച്ചു.
യുപിഎസ്സിയുടെ ഭാവി പരീക്ഷകളിൽനിന്നും അഭിമുഖങ്ങളിൽനിന്നും വിലക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പുറമേ വ്യാജരേഖ നിർമിച്ചുവെന്നു ചൂണ്ടിക്കാട്ടി പൂജയ്ക്കെതിരേ യുപിഎസ്സി പോലീസിൽ പരാതിയും നൽകി. വിഷയവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്നും യുപിഎസ്സി അറിയിച്ചു.
യുവതി പരീക്ഷാ ചട്ടങ്ങൾ മറികടന്നു എന്നതിനപ്പുറം വ്യാജ രേഖകൾ ഉപയോഗിച്ചതായും യുപിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേര്, മാതാപിതാക്കളുടെ പേര്, മൊബൈൽ നന്പർ, വിലാസം തുടങ്ങിയവയിൽ മാറ്റം വരുത്തിയാണ് പൂജ പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും കണ്ടെത്തി.
മഹാരാഷ്ട്രയിലെ പൂനയിൽ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറിൽ അനധികൃതമായി സർക്കാർ ബോർഡ് വയ്ക്കുകയും ബീക്കണ് ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ അഡീഷണൽ കളക്ടറുടെ ചേംബർ ബലമായി കൈയടക്കിയതോടെ ജില്ലാ കളക്ടർ ഇവരെ വാഷിം ജില്ലയിലേക്കു സ്ഥലം മാറ്റുകയായിരുന്നു.
ഇതിനിടെയാണ് 2022 ബാച്ച് ഉദ്യോഗസ്ഥയായ ഇവർ ജാതി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും ഇവർ യുപിഎസ്സിക്കു സമർപ്പിച്ചതായി പിന്നീട് തെളിഞ്ഞു. കാഴ്ചപരിമിതിയുണ്ടെന്ന അവകാശവാദം തെളിയിക്കാൻ മെഡിക്കൽ പരിശോധനയ്ക്കു ഹാജരാകണമെന്നു നിർദേശിച്ചുവെങ്കിലും ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു.
അതിനിടെ, എല്ലാ പരീക്ഷകളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതാണെന്നും അതു കർശനമായി പാലിക്കുമെന്നും യുപിഎസ്സി പ്രസ്താവനയിൽ വ്യക്തമാക്കി.
പൊതുജനങ്ങളിൽനിന്നും ഉദ്യോഗാർഥികളിൽനിന്നും വളരെ ഉയർന്ന വിശ്വാസ്യത യുപിഎസ്സിക്കുണ്ട്. അതു നശിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുപിഎസ്സി വ്യക്തമാക്കി.