സിക്കിമിലെ മുൻ മന്ത്രിയെ കാണാനില്ല
Thursday, July 11, 2024 1:35 AM IST
ഗാംഗ്ടോക്: മുൻ സിക്കിം മന്ത്രി രാംചന്ദ്ര പൗദ്യാലിനെ(80) കാണാതായി. ഞായറാഴ്ച രാവിലെ വീടുവിട്ടിറങ്ങിയ പൗദ്യാലിനെക്കുറിച്ചു വിവരമില്ല.
അന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തുമെന്നായിരുന്നു മുൻ മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
പാക്യോംഗ് ജില്ലയിലെ ഛോട്ടാ സിംഗ്താം സ്വദേശിയാണ് പൗദ്യാൽ. ഇദ്ദേഹം സിക്കിം ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.