കാങ്കേർ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട ഒന്‍പത് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു
Thursday, April 18, 2024 1:58 AM IST
കാങ്കേർ: ഛത്തീസ്ഗഡിലെ കാങ്കേറിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളിൽ ഒന്‍പതുപേരെ തിരിച്ചറിഞ്ഞു. ഏറ്റുമുട്ടൽ നടന്ന ചൊവ്വാഴ്ച രണ്ടുപേരുടെ വിവരങ്ങൾ ലഭിച്ചിരുന്നു.
ഏഴു പേരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നലെയും ശേഖരിച്ചതായി ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് അറിയിച്ചു. മാവോയിസ്റ്റ് ഡിവിഷണൽ കമ്മിറ്റി അംഗങ്ങളായ ശങ്കർ റാവു, സുനി, നോർത്ത് ബസ്തർ ഡിവിഷൻ അംഗങ്ങളായ മാധവി, രാംസില്ല, രഞ്ജിത, പ്രാദേശിക സംഘാടങ്ങളായ ജുങ്കി, സുഖ്ലാൽ, ശ്രീകാന്ത് എന്നിവരെയാണു തിരിച്ചറിഞ്ഞത്.
കാങ്കേർ ജില്ലയിലെ ഹാപാടോല വനമേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബിഎസ്എഫും ഡിസ്ട്രിക്ട് റിസർവ് ഗാർഡും (ഡിആർജി) സംയുക്തമായി നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.