റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന് ഭാര്യയും മക്കളും
Wednesday, October 16, 2024 12:22 AM IST
പത്തനംതിട്ട: കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്കു സ്ഥലംമാറിവരുന്ന നവീൻ ബാബുവിനെ കാത്ത് ഭാര്യയും കോന്നി തഹസീൽദാരുമായ മഞ്ജുഷയും മക്കളായ നിരഞ്ജനയും നിരുപമയും ഇന്നലെ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. പുലർച്ചെയുള്ള മലബാർ എക്സ്പ്രസിൽ എത്തുമെന്നാണ് നവീൻ ബാബു നേരത്തേ അറിയിച്ചിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം കണ്ണൂർ കളക്ടറേറ്റിൽ യാത്രയയപ്പ് യോഗം ഉണ്ടെന്നും പറഞ്ഞിരുന്നു.യോഗം കഴിഞ്ഞതായും നാട്ടിലേക്കു പുറപ്പെടുകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ രാത്രിയിൽ നവീൻ ബാബുവുമായി സംസാരിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ട്രെയിനിൽ പുറപ്പെട്ടു കാണുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ സ്റ്റേഷനിലേക്ക് കാറുമായി പോയത്. ട്രെയിൻ വന്നു പോയെങ്കിലും നവീൻ ബാബുവിനെ കാണാതായതോടെ ആധിയായി. തുടർന്ന് കണ്ണൂരിലേക്ക് ബന്ധപ്പെട്ടു.
കണ്ണൂരിലുള്ള അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു വിവരംതിരക്കി. ഇതോടെയാണ് എഡിഎമ്മിനെ അവിടെയും അന്വേഷിച്ചു തുടങ്ങിയത്. ഇതിനിടെ കളക്ടറെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. രാവിലെ 7.15ഓടെ എഡിഎമ്മന്റെ ഡ്രൈവർ താമസസ്ഥലത്ത് എത്തിയപ്പോഴാണ് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
എന്തെങ്കിലും മാനസിക വിഷമങ്ങളുള്ളതായി കുടുംബത്തോട് അദ്ദേഹം പറഞ്ഞിരുന്നില്ല. കണ്ണൂരിലെ ജോലിയുമായി ബന്ധപ്പെട്ട് ഒരു ഫയൽ മാത്രമാണ് നൽകാനുള്ളതെന്ന് നവീൻ ബാബു ഭാര്യയോടു പറഞ്ഞിരുന്നു. അതിൽ ഏതാനും പേപ്പറുകളുടെ കുറവുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സർവീസ് കാലയളവിൽ ഇതേവരെ എന്തെങ്കിലും അഴിമതി ആരോപണം നവീൻ ബാബുവിനുണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. സത്യസന്ധമായി ജോലി നിർവഹിച്ചുവന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും അവർ പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ കണ്ണൂരിലേക്കു പുറപ്പെട്ടിട്ടുണ്ട്.