കേസന്വേഷണ പുരോഗതി എഡിജിപിക്ക് റിപ്പോർട്ട് ചെയ്യുന്നു ; വിശദീകരണം തേടി പോലീസ് മേധാവി
Sunday, September 15, 2024 2:27 AM IST
തിരുവനന്തപുരം: ആരോപണവിധേയമായ കേസുകളുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന് റിപ്പോർട്ട് ചെയ്യുന്നതിലെ അതൃപ്തി അറിയിച്ചു സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്.
ആരോപണവിധേയമായ കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് എഡിജിപിക്ക് നിർദേശം അവഗണിച്ചു തുടർച്ചയായി കൈമാറുന്ന ജില്ലാ പോലീസ് മേധാവിമാരിൽ വിശദീകരണം തേടാനും ഡിജിപി തീരുമാനിച്ചു.
കോഴിക്കോട്ടെ വ്യവസായിയായ മാമിയുടെ (മുഹമ്മദ് ആട്ടൂർ) തിരോധാന കേസിൽ വീഴ്ച വരുത്തിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും മുൻ മലപ്പുറം എസ്പിയും കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ എഡിജിപി എം.ആർ അജിത്കുമാർ വഴി അയച്ചിരുന്നു.
തുടർന്ന് റിപ്പോർട്ടുകൾ എഡിജിപി വഴി അയയ്ക്കരുതെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം ഇരുവരും അവഗണിച്ചു. ഇതേത്തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽനിന്നും മലപ്പുറം മുൻ എസ്പിയിൽനിന്നും ഡിജിപി വിശദീകരണം തേടി.
മാമിയുടെ തിരോധാനത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിന് പങ്കുണ്ടെന്ന് പി.വി. അൻവർ എംഎൽഎ ആരോപിച്ചിരു ന്നു. ഇതിനു പിന്നാലെയാണ് മാമി തിരോധാന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ ആരോപണം നേരിടുന്ന എഡിജിപി വഴി പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കരുതെന്ന് ഷെയ്ക്ക് ദർബേഷ് സാഹിബ് നിർദേശിച്ചത്.
ഡിഐജി വഴി റിപ്പോർട്ട് അയയ്ക്കാനാണ് ഇരുവർക്കും നിർദേശം നൽകിയത്. എന്നാൽ, മുൻ മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണനും ഡിജിപിയുടെ വിലക്ക് ലംഘിച്ച് എം.ആർ. അജിത്കുമാർ വഴിയാണ് ഫയലുകൾ അയച്ചത്. ഇത് ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
കേസിന്റെ അന്വേഷണ പുരോഗതി ആരോപണവിധേയനായ ഉദ്യോഗസ്ഥൻ വിലയിരുത്തുന്നതിലെ അസ്വാഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കം അട്ടിമറിക്കപ്പെടുന്നതു ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലുണ്ട്.