വിവേചനാധികാരം പ്രയോഗിക്കുമ്പോൾ നിഷ്പക്ഷവും നീതിപൂര്വകവുമാകണമെന്ന് ഗവർണറോട് കോടതി
Wednesday, May 22, 2024 1:34 AM IST
കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റിലേക്ക് പ്രതിനിധികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.
ഹര്‍ജിക്കാരെക്കൂടി പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്കാന് കോടതി ചാന്‍സലറോട് നിര്‍ദേശിച്ചു. അതേസമയം, സെനറ്റിലെ വിദ്യാഭ്യാസ വിദഗ്ധരെ നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്യുന്ന മറ്റൊരു ഹര്‍ജി തള്ളുകയും ചെയ്തു.
സെനറ്റ് നോമിനേഷന് പ്രക്രിയയില്‍ ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് വിമര്‍ശിച്ചാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ചട്ടങ്ങള്‍ മറന്നുകൊണ്ടാണ് മോശം നാമനിര്‍ദേശങ്ങള്‍ നടത്തിയത്. നോമിനേഷന് പ്രത്യേക നടപടിക്രമങ്ങളില്ലെന്ന വാദം ശരിയാണെങ്കിലും ചട്ടങ്ങള്‍ മറികടന്നുകൊണ്ടാകരുത് നടപടികള്‍. കഴിവു തെളിയിച്ചവരാകണമെന്ന ചട്ടം പാലിച്ചില്ല.
കൂടുതല്‍ യോഗ്യതയുള്ളവരെ പരിഗണിച്ചതുമില്ല. ഉത്തരവാദപ്പെട്ടവര്‍ പ്രസക്തമായത് അവഗണിക്കുകയോ അപ്രസക്തമായത് പരിഗണിക്കുകയോ ചെയ്യുമ്പോള്‍ കോടതിക്ക് ഇടപെടേണ്ടിവരും.
നോമിനികള്‍ക്ക് ഗവര്‍ണറുടെയോ സര്‍ക്കാരിന്റെയോ പ്രീതിയുണ്ടെന്നത് ഒരു ഉത്തരമല്ല. വിവേചനാധികാരം പ്രയോഗിക്കുമ്പോഴും അത് നിഷ്പക്ഷവും നീതിപൂര്വകവുമാകണമെന്നും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.
സര്‍വകലാശാലാ രജിസ്ട്രാര്‍ നല്കിയ പട്ടിക തള്ളിയാണ് ഗവര്‍ണര്‍ നാല് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തത്. ഇവര്‍ക്ക് ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന മികവുകള്‍ ഇല്ലെന്നാരോപിച്ച് സര്‍വകലാശാലയുടെ പട്ടികയിലുണ്ടായിരുന്നവരാണ് കോടതിയെ സമീപിച്ചത്.
അഭിഷേക് ഡി. നായര്‍ (ഹ്യുമാനിറ്റീസ്), എസ്.എല്‍. ധ്രുവിന് (സയന്‍സ്), മാളവിക ഉദയന്‍ (ഫൈന്‍ ആര്‍ട്സ്), സുധി സദന് (സ്പോര്‍ട്സ്) എന്നിവരെയാണ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്തത്.
അതേസമയം അക്കാദമിക് വിദഗ്ധരായി സര്‍ക്കാര്‍ നിര്‍ദേശിച്ച ജി. മുരളീധരന് പിള്ള, ഡോ. ഷിജുഖാന്, ആര്. രാജേഷ് എന്നിവര്‍ക്ക് യോഗ്യതയില്ലെന്നാരോപിച്ച് ഡോ. കെ.എന്‍. മധുസൂദനന് പിളള നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.