ധനമന്ത്രി ബാലഗോപാൽ സന്പൂർണ പരാജയം: സി.പി. ജോൺ
Friday, April 12, 2024 2:08 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതകൾ വിലയിരുത്തുകയാണു സിഎംപി ജനറൽ സെക്രട്ടറിയും യുഡിഎഫ് സെക്രട്ടറിയുമായ സി.പി. ജോണ്‍. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം യുഡിഎഫിനു സുവർണസാധ്യതയാണെന്ന് ജോൺ പറയുന്നു.
സംസ്ഥാനത്തു ഭരണവിരുദ്ധ വികാരമുണ്ടോ?
ഉണ്ട്. യുഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചരണായുധവും ഇതുതന്നെ. ജനങ്ങൾ ഈ സർക്കാരിനെക്കൊണ്ടു പൊറുതിമുട്ടി. സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാൻപോലും കഴിയുന്നില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സന്പൂർണ പരാജയമാണ്. ഈ മാസം ശന്പളം മുടങ്ങില്ല എന്നു പറയുന്ന ഒരു ധനമന്ത്രിയെ കേരളം ഇതുവരെയും കണ്ടിട്ടില്ല. ശന്പളം കൊടുക്കുമെന്നു പറയാൻ ഒരു മന്ത്രി വേണോ? കേരളത്തിനു കടമുണ്ടെന്നു പറഞ്ഞ് കേസു കൊടുത്ത ആദ്യത്തെ മന്ത്രികൂടിയാണു ബാലഗോപാൽ.
വി.എസിന്റെ കാലത്തെ തോമസ് ഐസക് മിടുക്കനായിരുന്നു. അന്ന് ഐസക്കിനു പവർ ഉണ്ടായിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ഐസക്കിന്റെ പ്രകടനം വളരെ പരാജയമായിരുന്നു. കിഫ്ബി തലയ്ക്കു പിടിച്ചതാണു കാരണം. കിഫ്ബി കേരളത്തിന്റെ സന്പത്തിന്റെ മരണമണിയായി.
കേരളത്തിലും സിപിഎം തകരുമോ?
ഇരിക്കുന്ന കൊന്പു മുറിക്കുന്ന പാർട്ടിയാണു സിപിഎം. അതിന് ഉദാഹരണമാണ് കേരളത്തിലെ സഹകരണ മേഖലയിലെ തകർച്ച. സഹകരണ പ്രസ്ഥാനങ്ങളായിരുന്നു സിപിഎമ്മിന്റെ ശക്തി. സിപിഎം കൈക്കൂലി വാങ്ങുന്ന പാർട്ടിയായിരുന്നില്ല. എന്നാൽ, ഇപ്പോൾ ആ പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാതിരിക്കാൻ കഴിയുമോ? സഹകരണ മേഖലയിൽ കൊടിയ അഴിമതിയല്ലേ. കരുവന്നൂർ, കണ്ടല ബാങ്കുകൾ അതിനുദാഹരണമല്ലേ. കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സിപിഎമ്മിന്റെ കഥകഴിച്ചു.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന ഒരു പ്രതീതി ഉണ്ടല്ലോ?
അവർ മൂന്നാമതും അധികാരത്തിലെത്തുമെന്ന വിശ്വാസത്തിലാണു ജോലി തുടങ്ങിയത്. എന്നാലിപ്പോൾ അവരുടെ സ്ക്രിപ്റ്റിനനുസരിച്ചല്ല നാടകം മുന്നോട്ടു പോകുന്നത്. അയോധ്യയിൽ പോയി പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ 80 ശതമാനം ജനങ്ങൾ കൂടെനിൽക്കുമെന്നു കരുതി. ഇപ്പോൾ അത് അമിതവിശ്വാസമാണെന്നു നരേന്ദ്ര മോദിക്കും ബിജെപിക്കും തോന്നിത്തുടങ്ങി. കേജരിവാളിനെ അറസ്റ്റ് ചെയ്തതു ഡൽഹിയിലും പഞ്ചാബിലും മാത്രമല്ല ബിജെപിക്കു ദോഷമാകുക. ബിജെപിക്കു സീറ്റു കുറയും. ഇരുനൂറിനു മുകളിൽ പോകില്ല.
ഇന്ത്യ മുന്നണി ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം പ്രസക്തമാണ് ?
ഇന്ത്യ മുന്നണി ഒരു അജൻഡയിലാണു പ്രവർത്തിക്കുന്നത്. ഈ അജൻഡ സെറ്റ് ചെയ്യുന്നതിൽ കോണ്‍ഗ്രസ് വളരെ വലിയ പങ്കാണു വഹിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നോക്കൂ. മറ്റെല്ലാ കാലത്തേക്കാൾ വളരെ വ്യത്യസ്തമാണ്. സാമൂഹികവിഷയങ്ങളിൽ തൊട്ടുള്ള പ്രകടന പത്രികയാണ്. ജാതി സെൻസസിൽ അടക്കം വ്യക്തമായ നിലപാടു സ്വീകരിക്കുകയാണു കോണ്‍ഗ്രസ്. 10 ശതമാനം സാന്പത്തിക സംവരണം സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു മാത്രമല്ല പിന്നാക്കക്കാർക്കും ലഭിക്കണമെന്ന സാമൂഹ്യനിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസും ഇടതുപാർട്ടികളും ഇപ്പോൾ ബിജെപിക്കെതിരേ ഒന്നിച്ചുനിൽക്കുന്നു. ഇതു നേരത്തേ ആകാമായിരുന്നില്ലേ ?
ഒരു കാര്യം പറയട്ടെ. സിപിഎമ്മിനു സിപിഐയുടെ രാഷ്ട്രീയ വ്യക്തത പോലുമില്ല. അന്ധമായ കാണ്‍ഗ്രസ് വിരോധമാണു സിപിഎമ്മിന്. എന്നാൽ കോണ്‍ഗ്രസിന് ആ വിരോധമില്ല. എം.വി. രാഘവൻ പണ്ടേ പറഞ്ഞു, സിപിഎമ്മിനും സിപിഐകും ഇനി പ്രസക്തിയില്ലായെന്ന്. കമ്യൂണിസ്റ്റു പാർട്ടികൾ കൂടുതലും ഇപ്പോൾ യുഡിഎഫിലാണ്. എന്നാൽ സിപിഎം മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്നാലെ പോകുന്നു.
സ്വന്തം പാർട്ടിയിൽനിന്നു പോയവരോടും അവർക്കു വെറുപ്പാണ്. ഇന്നു സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് എന്താണ് പ്രസക്തി? ബംഗാളിൽ ചെന്നാൽ സിപിഎം ഇങ്ങനെ നശിക്കരുതെന്നു ചിന്തിച്ചിട്ടുണ്ട്. മണിക് സർക്കാർ ബുദ്ധിമാനാണ്. അതുകൊണ്ടാണു നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി ഒന്നിച്ചു നിന്നത്. അതുകൊണ്ടു മാത്രം അവിടെ 11 സീറ്റുകൾ ലഭിച്ചു.
യുഡിഎഫിന് എത്ര സീറ്റു കിട്ടും ?
സംസ്ഥാന രാഷ്ട്രീയം പൊതുവെ യുഡിഎഫിന് അനുകൂലമാണ്. 20 സീറ്റും നേടും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരേ സിപിഎമ്മും സിപിഐയും എതിർത്തു. എന്തിനാണ് അവർ ഇങ്ങനെയൊരു സമീപനം എടുത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ഇനി ഒരു കാര്യം പറയട്ടെ. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചില്ലെങ്കിൽ സിപിഐ ജയിക്കുമോ? സ്വന്തം പതനത്തിന്റെ കാരണം സ്വയം ചിന്തിക്കണം.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണു മത്സരം. ഒന്നുരണ്ടു മണ്ഡലങ്ങളിൽ മാത്രമാണു യുഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടക്കുന്നത്. അതു തിരുവനന്തപുരവും തൃശൂരും മാത്രമാണ്. കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ച ആലപ്പുഴയും അവർക്ക് ഇക്കുറി നഷ്ടമാകും.
അനിൽ ആന്റണി മൂന്നാംകിട വിഡ്ഢിയാണ്. അച്ഛനോടു പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞ മകൻ. പാക്കിസ്ഥാനിൽ ക്രൈസ്തവരെ കൊല്ലുകയാണ്. ഇതുവഴി അച്ഛനെയും അമ്മയെയും കൊല്ലാൻ പറയുകയാണ് അനിൽ ആന്റണി.