കാട്ടുപന്നിക്കു വച്ച വൈദ്യുതക്കെണിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Thursday, October 5, 2023 2:15 AM IST
വണ്ടാഴി: കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കൊണിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി രാജീവ് ജംഗ്ഷൻ പന്നിക്കുന്ന് കരൂർ പുത്തൻവീട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഗ്രേസി (63)യാണു മരിച്ചത്.
ഗ്രേസിയുടെ വീടിനു സമീപത്തെ കൃഷിയിടത്താണു മൃതദേഹം കണ്ടത്. കാട്ടുപന്നിക്കു വച്ച വൈദ്യുതക്കെണിയിൽനിന്നു ഷോക്കേറ്റാണു മരണം. ഒറ്റയ്ക്കു താമസിക്കുന്ന ഗ്രേസിയുടെ വീട്ടിൽനിന്നുതന്നെയാണു കെണി വയ്ക്കുന്നതിനുള്ള വൈദ്യുതി എടുത്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ എട്ടരയോടെ മീൻ വില്പനയ്ക്കു പോയ ആളാണു മൃതദേഹം കണ്ടത്. ചൊവ്വാഴ്ച പകൽ മരണം സംഭവിച്ചതാകാനാണ് സാധ്യത.
കാട്ടുപന്നികളെയും മറ്റു കാട്ടുമൃഗങ്ങളെയും തുരത്തുന്നതിന് വീടിന്റെ ഹാളിൽ നിന്നും അടുക്കളയിൽനിന്നും ആർഎഫ് കേബിൾ വഴി വൈദ്യുതിയെടുത്ത് വീടിനു സമീപം സ്ഥാപിച്ചിട്ടുള്ള കമ്പികളിലേക്കു കടത്തിവിടുകയായിരുന്നു. ഗ്രേസിതന്നെയാണോ ഇത്തരത്തിൽ കെണിവച്ചതെന്ന് പോലീസ് അന്വേഷിക്കുന്നു.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നതായി മംഗലംഡാം പോലീസ് പറഞ്ഞു. ഗ്രേസിയാണ് വൈദ്യുതിക്കെണി ഒരുക്കിയതെങ്കിൽ അവർതന്നെ എങ്ങനെ അപകടത്തിൽപ്പെട്ടു എന്നതാണ് സംശയമുയർത്തുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാപ്പിളപ്പൊറ്റ മേരിലാൻഡ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഷോക്കേറ്റു തന്നെയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
എളനാട് ജീരകത്തിൽ കുടുംബാംഗമാണു ഗ്രേസി. സഹോദരങ്ങൾ: ജയിംസ്, കറിയാച്ചൻ, തോമാച്ചൻ, ബെന്നി, ബിനി, പരേതനായ ബിജു.