കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത്; സ്ഥലമുടമ അറസ്റ്റിൽ
Thursday, September 28, 2023 6:46 AM IST
പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേതെന്നു സ്ഥിരീകരിച്ചു. പന്നിക്കു വച്ച വൈദ്യുതി ക്കെണിയില്പ്പെട്ട് യുവാക്കൾ മരിക്കുകയായിരുന്നുവെന്നും മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ സമ്മതിച്ചു. സ്ഥലമുടമയായ അന്പലപ്പറന്പ് വീട്ടിൽ അനന്തനെ (52) പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് പുതുശേരി കാളാണ്ടിത്തറയില്‍ പരേതനായ മാണിക്യന്റെയും കൃഷ്ണകുമാരിയുടെയും മകൻ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേക്കുന്നം മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകൻ ഷിജിത്ത് (22) എന്നിവരാണു മരിച്ചത്.
മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് സ്ഥലമുടമയായ അനന്തന് പോലീസിനു നൽകിയ മൊഴി. മൃതദേഹം കുഴിച്ചിടാൻ സഹായികളുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അനന്തനെ അറസ്റ്റ് ചെയ്തത്.
വയർ കീറിയ നിലയിൽ ഒന്നിനുമുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ അനന്തൻ കുഴിയെടുക്കുന്നതു കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. കൽമണ്ഡപം ദേശീയപാത കനാലിൽവച്ച് സംഭവസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പണിയായുധങ്ങളും, വയലിലേക്ക് അനധികൃതമായി വൈദ്യുതി എത്തിച്ച വയറുകളും പ്രതി പോലീസിനു കാണിച്ചുകൊടുത്തു.
ഇതിനിടെ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. തിങ്കളാഴ്്ച പുലർച്ചെ 4.52ന് വയലിലേക്ക് നാലു യുവാക്കൾ പോകുന്ന ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. ഞായറാഴ്ച രാത്രി വേനോലിയില്‍ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടര്‍ന്ന് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവര്‍ക്കെതിരേ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ഇവര്‍ നാലുപേരും അമ്പലപ്പറമ്പില്‍ സതീഷിന്റെ ബന്ധുവീട്ടിലേക്ക് മാറി. മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് പോലീസ് ഇവിടേക്ക് എത്തിയിരുന്നു.
പോലീസ് എത്തിയതറിഞ്ഞ് നാലുപേരും വീട്ടില്‍നിന്നു പാടത്തേക്കിറങ്ങി ഓടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കുമാണ് ഓടിയത്. പിന്നീട് അഭിനും അജിത്തും വേനോലിയില്‍ എത്തി. എന്നാല്‍ സതീഷിനെയും ഷിജിത്തിനെയുംകുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പോലീസ് സ്റ്റേഷനിലെത്തി ഇരുവരെയും കാണാനില്ലെന്നു പരാതി നല്കി.
ഷോക്കേറ്റ് മരിച്ചതാണെന്നും കൊലപാതകത്തിന് മറ്റു തെളിവുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദീപയാണ് സതീഷിന്റെ ഏക സഹോദരി. ഷിജിത്തിന് ശ്രീജിത്ത്, രഞ്ജിത്ത് എന്നീ സഹോദരന്മാരുണ്ട്.