പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യൻ സഹായം ശ്രീലങ്കയ്ക്കു ലഭിച്ചു: പ്രിയന്ത പെരേര
Sunday, May 28, 2023 2:58 AM IST
ഏഴിമല: പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രീലങ്കന്‍ നാവിക സേനയ്ക്ക് ഇന്ത്യന്‍ സഹായം ലഭിക്കുന്നുണ്ടെന്നു ശ്രീലങ്കന്‍ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ പ്രിയന്ത പെരേര.
ഏഴിമല നാവിക അക്കാഡമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിനു ശേഷം സംസാരിക്കുകായായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ സേനയ്ക്കാവശ്യമായ യന്ത്രഭാഗങ്ങളും ഇന്ധനങ്ങളുമുള്പ്പെടെ ഇന്ത്യയില്നിന്നെത്തിക്കുന്നതിനു പുറമേ മറ്റ് തരത്തിലുള്ള സഹകരണവും ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ ഷിപ്പ് യാര്‍ഡുകളില്‍ ശ്രീലങ്കയ്ക്കാവശ്യമായ കപ്പലുകള്‍ നിര്‍മിച്ചു നല്കുന്നു.
ഹമ്പന്‍ടോട്ട പൂര്‍ണമായും വാണിജ്യ തുറമുഖമാണ്. ശ്രീലങ്കന്‍ സര്‍ക്കാരും സ്വകാര്യ കമ്പനിയും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് അതിന്റെ പ്രവര്‍ത്തനം. ചൈനീസ് കപ്പല്‍ ഇവിടെ എത്തിയതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്.
കടല്‍ വഴിയുള്ള മയക്കുമരുന്നുകടത്തു സംഘങ്ങള്‍ക്കെതിരേ ഇന്ത്യന്‍ നാവിക അക്കാഡമിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മയക്കു മരുന്നിനെതിരായ പോരാട്ടം ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ്. വലിയ നെറ്റ് വര്‍ക്കാണ് ഈ സംഘങ്ങളുടേത്.
മത്സ്യത്തൊഴിലാളികള്‍ തീര അതിര്‍ത്തി മറികടന്നെത്തുന്നത് എപ്പോഴും നിലനില്‍ക്കുന്ന പ്രശ്നമാണ്. മനുഷ്യത്വപരമായാണ് ഈ വിഷയത്തെ തങ്ങള്‍ സമീപിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതായും വൈസ് അഡ്മിറല്‍ പ്രിയന്ത പെരേര പറഞ്ഞു.
ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി, നാവിക അക്കാഡമി കമാന്‍ഡാന്റ് വൈസ് അഡ്മിറല്‍ പുനീത് കെ. ബഹല്‍ എന്നിവരും ഉണ്ടായിരുന്നു.