കൊടകര കുഴൽപ്പണക്കേസ് ജാമ്യാപേക്ഷകളിൽ വാദം പൂർത്തിയായി, വിധി 30ന്
Friday, June 25, 2021 12:39 AM IST
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ആറു പ്രതികളുടെ ജാമ്യാപേക്ഷകളിൽ വാദം പൂർത്തിയായി. ഒന്നാം പ്രതി കണ്ണൂർ കൂത്തുപറന്പ് മാങ്ങാട്ടിടം മഷറിക് മഹലിൽ മുഹമ്മദ് അലി (35), രണ്ടാം പ്രതി തലശേരി തിരുവങ്ങാട് വിൻസം വീട്ടിൽ സുജീഷ് (41), നാലാം പ്രതി വെള്ളിക്കുളങ്ങര വെട്ടിയാട്ടിൽ ദീപക് എന്ന ശങ്കരൻ (40), പതിനൊന്നാം പ്രതി വെള്ളാങ്കല്ലൂർ വെള്ളക്കാട് തരൂപ്പിടികയിൽ വീട്ടിൽ ഷുക്കൂർ (24), പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിൽ കുന്നൂൽ വീട്ടിൽ അബ്ദുൾ റഹീം (35), ഇരുപതാം പ്രതി വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് രഞ്ജിത് ഭാര്യ ദീപ്തി (34) എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ മുന്പാകെ വാദം പൂർത്തിയായത്. വിധി പറയുന്നതിനു കേസ് 30ലേക്കു നീട്ടിവച്ചു.
25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണു പരാതിയിലും പ്രഥമവിവര റിപ്പോർട്ടിലും പറയുന്നതെങ്കിലും ഏകദേശം ഒന്നരക്കോടി രൂപയിലധികം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ടെന്നും ഇക്കാരണത്താൽതന്നെ വിചാരണയ്ക്കു വരുന്പോൾ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ വാദിച്ചു.