ജാതിവിവേചനം തുടച്ചു നീക്കണം: കേന്ദ്രമന്ത്രി ആര്.കെ. സിംഗ്
Sunday, September 22, 2019 1:08 AM IST
വർക്കല: ജാതിയുടെ പേരിലുള്ള വിവേചനം തുടച്ചു നീക്കിയാലേ രാജ്യത്തിന്റെ വികസനം പൂര്ണമാകുകയുള്ളുവെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്.കെ. സിംഗ് പറഞ്ഞു. 92-ാ മത് ശ്രീനാരായണ ഗുരു മഹാസമാധി സമ്മേളനം വര്‍ക്കല ശിവഗിരി മഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വ്യവസ്ഥയ്ക്കെതിരായ പോരാട്ടമാണു ശ്രീനാരായണ ഗുരുവിന്റെ അധ്യാപനങ്ങളെന്നു സിംഗ് ചൂണ്ടിക്കാട്ടി. മനുഷ്യര്‍ തമ്മിലുള്ള വിവേചനത്തിനു യാതൊരടിസ്ഥാനവുമില്ലെന്നും എല്ലാ മനുഷ്യരിലും ഈശ്വര സാന്നിധ്യമുണ്ടെന്നും ശ്രീനാരായണ ഗുരു കാണിച്ചുതന്നു. ക്ഷേത്രങ്ങള്‍ക്കു നല്കുന്ന അതേ പ്രാധാന്യം വിദ്യാലയങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും നല്‍കണമെന്ന് അദ്ദേഹം പഠിപ്പിച്ചു.
ശ്രീനാരായണഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ആശയങ്ങള്‍ സമാനമാണെന്നു സിംഗ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തോടൊപ്പം ജാതീയമായ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടവും ഗാന്ധിജി നയിച്ചു.
ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തുടങ്ങിവച്ച പോരാട്ടം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ തലമുറയുടെ ചുമതലയാണെന്നു കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
വി. ജോയി എംഎല്‍എ, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ , മഹാസമാധി പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ സ്വാമി വിശാലാനന്ദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.