ഇന്ത്യൻ താരങ്ങളെ ആക്രമിച്ച് ഓസീസ് മാധ്യമങ്ങൾ
Saturday, December 21, 2024 11:49 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ പര്യടനം എക്കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കഠിനമാണ്. അതു കളത്തിലും കളത്തിനു പുറത്തും... മങ്കി ഗേറ്റ്, സ്ലെഡ്ജിംഗ് എന്നു തുടങ്ങി ഇന്ത്യക്കാരെ ആക്രമിക്കാൻ എവിടെ അവസരം ലഭിച്ചാലും ഓസ്ട്രേലിയക്കാർ അതു കൃത്യമായി ഉപയോഗിക്കുമെന്നതു ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്.
ടീം ഇന്ത്യയുടെ ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിലും അതിനു മാറ്റമില്ല. കഴിഞ്ഞ ദിവസം തന്റെ കുട്ടികളുടെ വീഡിയോ അനുവാദമില്ലാതെ എടുത്തതിനു വിരാട് കോഹ്ലി മെൽബണ്‍ വിമാനത്താവളത്തിൽവച്ച് മാധ്യമപ്രവർത്തകയോട് തട്ടിക്കയറിയിരുന്നു.
കുട്ടികളുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജുകളിൽപോലും പങ്കുവയ്ക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്ന ആളാണ് കോഹ്ലി എന്നതാണ് വാസ്തവം. കോഹ്ലിയുടെ മക്കളുടെ വീഡിയോ വിവാദത്തിനു പിന്നാലെ, രവീന്ദ്ര ജഡേജയുടെ ഹിന്ദി വിവാദം തലപൊക്കി.
ജഡേജയുടെ ഹിന്ദി
രവീന്ദ്ര ജഡേജ പത്രസമ്മേളനത്തിൽ ഹിന്ദിയിൽ മാത്രമാണ് മറുപടി നൽകിയതെന്നും ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചില്ലെന്നുമാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആക്ഷേപിച്ചത്. ഇംഗ്ലീഷ് മറുപടി നൽകാൻ ജഡേജ വിസമ്മതിച്ചെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആരോപിച്ചു. ക്ഷണം സ്വീകരിച്ചാണ് മെൽബണിൽ ജഡേജയുടെ പത്രസമ്മേളനത്തിന് എത്തിയതെന്നും ഇംഗ്ലീഷിൽ മറുപടി നൽകാതെ അപമാനിച്ചു വിട്ടെന്നുമായിരുന്നു ഓസീസ് മാധ്യമങ്ങളുടെ ആരോപണം.
യാഥാർഥ്യം ഇങ്ങനെ രവീന്ദ്ര ജഡേജയുടെ പത്രസമ്മേളനത്തിനെത്തിയത് ക്ഷണിക്കപ്പെട്ടാണെന്ന ഓസ്ട്രേലിയൻ മാധ്യമ റിപ്പോർട്ട് തെറ്റാണെന്നാണ് ടീം ഇന്ത്യൻ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഓസ്ട്രേലിയയിൽ എത്തിച്ചേർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ജഡേജയുടെ പത്രസമ്മേളനത്തെക്കുറിച്ചുള്ള അറിയിപ്പ് എത്തിയത്. എന്നാൽ, ഗ്രൂപ്പിലുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പ്രതിനിധികൾ അത് ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകർക്കു ഫോർവേഡ് ചെയ്യുകയായിരുന്നു.
ഹിന്ദിയിൽ മാത്രമാണ് ജഡേജ മറുപടി നൽകിയതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം. ജഡേജയ്ക്കു മുന്നിലെത്തിയ ചോദ്യങ്ങളെല്ലാം ഹിന്ദിയിലായിരുന്നതിനാലായിരുന്നു മറുപടിയും ഹിന്ദിയിൽ നൽകിയത്.
ടീം ബസ് എത്തിയതിനാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സാധിക്കില്ല എന്നതായിരുന്നു മറ്റൊരു ആരോപണം. ടീം ബസിനെക്കുറിച്ച് ജഡേജ ഒരു പരാമർശവും നടത്തിയില്ല. ഇന്ത്യൻ ടീമിനൊപ്പം ട്രാവൽ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കു മാത്രമുള്ള മുഖാമുഖമാണെന്ന് അധികൃതർ അറിയിച്ചെങ്കിലും അതു തമസ്കരിച്ചാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആക്രമണം അഴിച്ചുവിട്ടത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ നാലാം മത്സരം ഡിസംബർ 26ന് മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു മുന്നോടിയായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആദ്യ മൂന്നു ടെസ്റ്റ് പൂർത്തിയായപ്പോൾ ഓരോ ജയം വീതം നേടി ഇന്ത്യയും ഓസ്ട്രേലിയയും 1-1 സമനിലയിലാണ്.