വരദ സുനിൽ ഉന്നംപിടിക്കുന്നു, വലിയ നേട്ടങ്ങളിലേക്ക്
Sunday, September 15, 2024 1:30 AM IST
തൃശൂർ: വരദ സുനിൽ എന്ന ഒന്‍പതാം ക്ലാസുകാരി ഉന്നംപിടിക്കുന്നതു സ്വർണത്തിളക്കമുള്ള നേട്ടങ്ങളിലേക്കാണ്. പഞ്ചാബിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ തൃശൂർ സ്വദേശിനി വരദയുടെ ഉന്നം പിഴയ്ക്കാത്ത നിറയൊഴിക്കലിൽ പൂരനഗരിക്ക് അഭിമാനിക്കാൻ വെള്ളിത്തിളക്കമുണ്ട്.
പഞ്ചാബ് ഫഗ്വാര ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ സ്പോർട്സ് മീറ്റിൽ പത്തു മീറ്റർ ഓപ്പണ്‍ സൈറ്റ് എയർ റൈഫിൾ ഷൂട്ടിംഗിലാണ് രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയായ വരദ സുനിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്.
നാഷണൽ സ്കൂൾ ഗെയിംസിൽ കേന്ദ്രീയ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചാണു വരദ പങ്കെടുത്ത് മെഡൽ നേടിയത്. എയർറൈഫിൾ ഷൂട്ടിംഗിൽ 2022 ലെ ദേശീയമത്സരത്തിൽ വെള്ളിമെഡലും 2023ലെ മത്സരത്തിൽ വെങ്കലമെഡലും വരദ നേടിയിരുന്നു. 2023 ൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിലും ഇതേ ഇനത്തിൽ വെങ്കലമെഡൽ നേടി.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിലുള്ള ജില്ലാ റൈഫിൾ അസോസിയേഷനിൽ കോച്ച് വിനീഷാണു പരിശീലനം നൽകുന്നത്. വില്ലടം കാങ്കപ്പറന്പിൽ പി. സുനിലിന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് ലോ ഓഫീസർ ഷൈമോൾ സുനിലിന്റെയും മകളാണു വരദ.