ഐഎസ്എൽ 11-ാം സീസൺ ഫുട്ബോൾ പോരാട്ടം ഇന്നു മുതൽ
Friday, September 13, 2024 12:11 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 11-ാം സീസണിന് ഇന്നു കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. അതോടെ ഇന്ത്യയിൽ കാൽപ്പന്ത് ഉത്സവത്തിനു കൊടിയേറും. ലെറ്റ്സ് ഫുട്ബോൾ എന്ന ആപ്തവാക്യം ഇന്ത്യയുടെ ഫുട്ബോൾ നഗരങ്ങളിൽ തിരതല്ലും.
സീസണ് ഉദ്ഘാടന മത്സരത്തിൽ ഐഎസ്എൽ വന്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 2023-24 സീസണ് ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ. മുംബൈ സിറ്റി നിലവിലെ ഐഎസ്എൽ ട്രോഫി ജേതാക്കളും. മോഹൻ ബഗാനെ ഫൈനലിൽ കീഴടക്കിയായിരുന്നു മുംബൈയുടെ ചാന്പ്യൻഷിപ്പ് നേട്ടം.
13 ടീം, പുതുമുഖം മുഹമ്മദൻ
2024-25 ഐഎസ്എൽ ഫുട്ബോളിൽ 13 ടീമുകളാണു പോരാട്ടരംഗത്തുള്ളത്. കഴിഞ്ഞ സീസണിൽ 12 ടീമുകളായിരുന്നു. 2023-24 സീസണ് ഐ ലീഗ് ചാന്പ്യന്മാരായ മുഹമ്മദൻ എസ്സിയാണ് ഐഎസ്എല്ലിലെ പുതുമുഖം. ഐഎസ്എല്ലിൽ പുതുമുഖമാണെങ്കിലും 133 വർഷം പഴക്കമുള്ള ക്ലബ്ബാണ് കോൽക്കത്തയിൽനിന്നുള്ള മുഹമ്മദൻ. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ എന്നിങ്ങനെ കോൽക്കത്തയിലെ മൂന്നു പാരന്പര്യ ശക്തികളും 11-ാം സീസണ് ഐഎസ്എല്ലിൽ മാറ്റുരയ്ക്കും.
എഎഫ്സി താരം വേണ്ട
ഒരോ ടീമിലും വിദേശ താരങ്ങളിലെ ഒരു കളിക്കാരൻ എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) അംഗരാജ്യങ്ങളിൽനിന്നുള്ളതായിരിക്കണം എന്ന നിബന്ധനയില്ലാത്ത ആദ്യ സീസണ് ആണ് 2024-25. മാത്രമല്ല, ഒരു ടീമിലെ രണ്ടു കളിക്കാർക്ക് 18 കോടി രൂപ വരെ സാലറി നൽകാമെന്നും നിയമം വന്നു. വിദേശ താരങ്ങളെ ആകർഷിക്കാൻ ഈ അയവ് ടീമുകൾക്കു സഹായകമാണ്.
മാത്രമല്ല, സാലറി ക്യാപ്പിനു പുറത്ത് മൂന്നു ഹോം കളിക്കാരെ സൈൻ ചെയ്യാം, ഓരോ മത്സരത്തിലും ഒരു കണ്കഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം, നേരിട്ടുള്ള റെഡ് കാർഡിൽ റഫറിയുടെ തീരുമാനത്തിനെതിരേ ക്ലബ്ബുകൾക്കു അപ്പീൽനൽകാം തുടങ്ങിയ നിയമ പരിഷ്കാരങ്ങളും 2024-25 സീസണിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കിരീടം എന്ന ബ്ലാസ്റ്റേഴ്സ് സ്വപ്നം
കന്നിക്കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്വപ്നം ഈ സീസണിലെങ്കിലും പൂവണിയുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്വീഡിഷുകാരനായ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ഇറങ്ങുന്ന ആദ്യ സീസണ് ആണിത്.
ഡ്യൂറൻഡ് കപ്പിൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. മൊറോക്കൻ ലെഫ്റ്റ് വിംഗർ നോഹ് സദൗയി, ഫ്രഞ്ച് ഡിഫെൻവീസ് മിഡ്ഫീൽഡർ അലക്സാന്ദ്രെ കോഫ്, സ്പാനിഷ് സെന്റർ സ്ട്രൈക്കർ ജെസ്യൂസ് ജിമെനെസ് എന്നിവരാണ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ പുതുമുഖങ്ങൾ.
ഇവർക്കൊപ്പം ഉറുഗ്വെൻ പ്ലേ മേക്കറും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ, മോണ്ടിനെഗ്രോ സെൻട്രൽ ഡിഫെൻഡർ മിലോസ് ഡ്രിൻസിച്ച്, ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്ര എന്നിവരും ഉൾപ്പെടുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ വിദേശസംഘം.
ആക്രമണം നെക്സ്റ്റ് ലെവൽ
കേരള ബ്ലാസ്റ്റേഴ്സിന്റെ 2024-25 സീസണ് ആക്രമണം നെക്സ്റ്റ് ലെവൽ ആകുമെന്നാണ് പ്രതീക്ഷ. ഖ്വാമെ പെപ്ര-നോഹ് സദൗയി-ജെസ്യൂസ് ജിമെനെസ് എന്നിങ്ങനെ മൂന്നു വിദേശ മുന്നേറ്റക്കാരാണ് ബ്ലാസ്റ്റേഴ്സ് സംഘത്തിലുള്ളത്.
ഇവർക്കൊപ്പം കെ.പി. രാഹുൽ, ഇഷാൻ പണ്ഡിത, മുഹമ്മദ് ഐമൻ തുടങ്ങിയ സ്വദേശിതാരങ്ങളും അണിനിരക്കും. അഡ്രിയാൻ ലൂണയാണ് ക്യാപ്റ്റൻ. മിലോസ് ഡ്രിൻസിച്ച് വൈസ് ക്യാപ്റ്റനും.