കൗതുകമുണര്‍ത്തി ക്രൈസ്റ്റ് കോളജിൽ ജിയോ എക്സ്പോ 2024
1479064
Thursday, November 14, 2024 6:55 AM IST
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ അദ്ഭുതവും വിജ്ഞാനവും ഉളവാക്കുന്ന ധാതുക്കളുടെയും ശിലകളുടെയും രത്നങ്ങളുടെയും ഫോസിലുകളുടെ യും വലിയ ശേഖരമാണ് ക്രൈസ്റ്റ് കലാലയത്തിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ചിട്ടുള്ള ജിയോ എക്സ്പോ 2024ന്റെ പ്രദര്‍ശനത്തിനുള്ളത്. ഒരുകാലത്ത് ഭൂമി അടക്കിവാണിരുന്ന ദിനോസറിന്റെ ഫോസിൽ ഉൾപ്പെടെയുള്ള വൈവിധ്യങ്ങളുടെ കലവറയാണ് എക്സിബിഷന്. ഗുജറാത്തിലെ ബാലാസിനോര് എന്ന സ്ഥലത്തുനിന്നു ശേഖരിച്ച ഫോസിലുകളാണു പ്രദര്‍ശനത്തിലുള്ളത്. പണ്ടുകാലത്ത് തീ ഉണ്ടാക്കിയത് എങ്ങനെ ആയിരുന്നു, നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും ഏത് ധാതുവില്‍നിന്നാണ് ഉണ്ടാകുന്നത് അങ്ങനെ നാം അറിയാനും കാണാനും ആഗ്രഹിക്കുന്ന ഒത്തിരി അദ്ഭുതങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കിണറുകള്‍ക്കും കുഴല്‍ക്കിണറുകള്‍ക്കും ശാസ്ത്രീയമായി സ്ഥാനം നിര്‍ണയിക്കാനുള്ള സാങ്കേതിക വിദ്യ, കുഴല്‍ക്കിണര്‍ നിര്‍മാണത്തിന്റെ ശാസ്ത്രീയമായ പ്രദര്‍ശനം, ഭാരതീയ ഭൂവിജ്ഞാന സര്‍വേ എന്നിവരുടെ സ്റ്റാളുകളും എക്സിബിഷന്റെ ഭാഗമാണ്.
ഇന്ത്യയില്‍ ലാന്ഡ്സ്ലൈഡിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ജിഎസ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇതു സംബന്ധിച്ച് മാപ്പുകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രദര്‍ശനത്തിന് ഇന്നു തിരശീല വീഴും.