പാലപ്പിള്ളി താങ്ങുചിറ ബ്രാഞ്ച് കനാലിന്റെ ശുചീകരണം നാട്ടുകാർ തടഞ്ഞു
1478816
Wednesday, November 13, 2024 7:10 AM IST
മേലൂർ: പാലപ്പിള്ളി താങ്ങുചിറ ബ്രാഞ്ച് കനാലിന്റെ ശുചീകരണ പ്രവൃത്തികൾ നാട്ടുകാർ തടഞ്ഞു. ഈ വർഷം കനാലിന്റെ ശുചീകരണപ്രവൃത്തികൾ ഏറ്റെടുത്തുനടത്തുന്ന കരാറുകാരൻ കനാലിൽ തഴച്ചുവളരുന്ന പുല്ലുകൾമാത്രമേ നീക്കം ചെയ്യുന്നുവെന്നതിനാലാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. പുല്ല് നീക്കം ചെയ്യുന്നതിനൊപ്പം കനാലിൽ അടിഞ്ഞുകൂടിയ മണ്ണും നീക്കംചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് പാലപ്പിള്ളി. കുടിവെള്ളക്ഷാമത്തിനു പരിഹാരം വേണമെങ്കിൽ കനാലിലെ കാടും അടിഞ്ഞുകൂടിയ മണ്ണം നീക്കംചെയ്യണം. വിഷയത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളിക്കുകയാണെന്നാണു നാട്ടുകാരുടെ ആരോപണം.
കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജിയും മേലൂർ ഗ്രാമപഞ്ചായത്ത് അംഗം വാസന്തി ചന്ദ്രനും ഇടപെട്ട് ചർച്ചനടത്തിയെങ്കിലും കോൺട്രാക്ടർ മണ്ണ് മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ്. കനാലിൽ അടിഞ്ഞുകൂടിയ മണ്ണു നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു നാട്ടുകാർ പറഞ്ഞു.