തപാൽ അയയ്ക്കാൻ ആരുമില്ല; തപാൽപ്പെട്ടി അടച്ചുകെട്ടി
1478818
Wednesday, November 13, 2024 7:10 AM IST
ചാലക്കുടി: തപാൽപ്പെട്ടിയിൽ കത്തുകൾ നിക്ഷേപിക്കുന്ന കാലം പോയ്മറഞ്ഞു. ലെറ്ററുകൾ അയയ്ക്കാൻ ആളില്ലാതായതോടെ ലെറ്റർ ബോക്സ് അടച്ചുകെട്ടി. ചാലക്കുടി നഗരസഭാ ഓഫീസിനു മുന്പിലെ തപാൽബോക്സിന്റെ അവസ്ഥയാണിത്.
ഒരുകാലത്തു കത്തുകൾ നിക്ഷേപിക്കുന്നതിനു ധാരാളംപേർ ഉണ്ടായിരുന്നു. ദിവസവും ഇവിടെനിന്ന് ലെറ്ററുകൾ പോസ്റ്റ് ഓഫീസ് ജീവനക്കാർ എടുത്തു കൊണ്ടുപോകുന്ന തും പതിവായിരുന്നു. ഇ-മെയിലും വാട്സ്ആപ്പും വ്യാപകമായതോടെ കത്തിടപാടുകൾ ഇല്ലാതായി. ഇതോടെ തപാൽപ്പെട്ടികൾ നോക്കുകുത്തികളായി മാറി.
നേരത്തേ പോസ്റ്റ് ഓഫീസ് ജീവനക്കാരെത്തി ബോക്സ് തുറന്നു പരിശോധിക്കാറുണ്ടായിരുന്നു. കാലിയായ ബോക്സ് മാത്രമായതോടെ അതും നിർത്തി. നഗരസഭാ ഓഫീസിനു മുന്പിലെ തപാൽപ്പെട്ടി ഇപ്പോൾ പ്ലാസ്റ്റിക് ചാക്കുകൊണ്ടു കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്.