മാരിയിൽ കലുങ്ക് പാലം: അപ്രോച്ച് റോഡ് എസ്റ്റിമേറ്റിന് അംഗീകാരമായി-പി.ജെ. ജോസഫ്
1465711
Friday, November 1, 2024 7:29 AM IST
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിന് വഴി തെളിയുന്നു. റോഡ് നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് മന്ത്രി അംഗീകാരം നൽകിയതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു.
പാലം നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമാണം ദീർഘകാലമായി അനുമതി ലഭിക്കാത്തതിന്റെ പേരിൽ തടസപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ മറുകരയായ ഒളമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം 1.80 കോടി എംഎൽഎ ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാകാറായി.
അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ആവശ്യമായ സ്ഥലം രണ്ടു വർഷം മുന്പ് തന്നെ ഏറ്റെടുത്ത് ഭൂഉടമകൾക്കുള്ള നഷ്ടപരിഹാരവും വിതരണം ചെയ്തിരുന്നു. എന്നാൽ റോഡ് നിർമാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് 1.80 കോടി നേരത്തേ അനുവദിച്ച് ഈ തുക ഉപയോഗിച്ച് മാരിയിൽ കലുങ്ക് ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കുന്നത്.
പാലം നിർമാണത്തിന് അനുവദിച്ച ഫണ്ടിൽ 90 ലക്ഷം രൂപ മിച്ചം ഉണ്ടായിരുന്നത് കാഞ്ഞിരമറ്റം ഭാഗത്തെ റോഡ് നിർമാണത്തിന് ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് 90 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിക്കായി സർക്കാരിനെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടു വർഷമായി അംഗീകാരം ലഭിക്കാതെ കിടക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് സർക്കാരിന് നിരവധി തവണ നിവേദനം നൽകുകയും നിയമസഭയിൽ ഉപക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഫയലിൽ മന്ത്രി ഒപ്പുവച്ചത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉടൻതന്നെ ഭരണാനുമതിക്കുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിയുമായി സംസാരിച്ചെന്നും ഇക്കാര്യം വൈകില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പാലം നിർമിച്ച കരാറുകാരൻ തന്നെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയാക്കി എത്രയും വേഗം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.