ദൈവങ്ങളെ കാൻവാസിൽ ആവാഹിച്ച് ഷാനി
1491647
Wednesday, January 1, 2025 6:45 AM IST
പ്രശാന്ത്
പേരൂര്‍ക്കട: ചുമരുകള്‍ക്കു പകരം കാന്‍വാസില്‍ മ്യൂറല്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രകാരി. മനസില്‍ തെളിയുന്ന ഈശ്വര രൂപങ്ങള്‍ വരയ്ക്കാന്‍ മാത്രം നിറക്കൂട്ട് ചാലിക്കുന്നവള്. വ്രതശുദ്ധിയോടെ,
അതിലേറെ ഭക്തിയോടെ പൂജാമുറിയിലിരുന്ന് മാത്രം ദേവരൂപങ്ങള്ക്ക് നിറമേകുന്ന കവടിയാര്‍ എസ്.എസ് കോവില്‍ റോഡിലെ ഷാനി ബിനു (44) വിന്റെ വാക്കുകള്‍ കടമെടുത്താല്‍... ''എനിക്കു കിട്ടിയ ഭാഗ്യമാണ് മ്യൂറല്‍ ചിത്രകാരി എന്ന ലേബല്‍...!'' കുട്ടിക്കാലത്തു തന്നെ നന്നായി വരച്ചിരുന്ന ഷാനിക്ക് ചിത്രകലയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു. കുടുംബിനിയായ ശേഷവും വരയോടുള്ള താല്‍പ്പര്യം കുറഞ്ഞില്ല.
ഏഴു വര്‍ഷം മുമ്പ് ചുമര്‍ചിത്രകാരി നാന്‍സിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നെ മ്യൂറല്‍ പെയിന്റിംഗില്‍ വിസ്മയങ്ങള്‍ തീര്‍ത്തു . എണ്ണിയാലൊടുങ്ങാത്തത്ര ദേവീദേവന്മാരും ശ്രീകൃഷ്ണ രാസലീലയുമൊക്കെ ഷാനിയുടെ കാന്‍വാസില്‍ ജനിച്ചു. ഇന്ന് വരുമാന മാര്‍ഗത്തിനപ്പുറം ഭക്തിയുടെ പൂര്ണതകൂടിയാണ് ഷാനിക്ക് മ്യൂറല്‍ പെയിന്റിംഗ്. ധ്യാനിച്ചിരിക്കുമ്പോള്‍ മൂര്‍ത്തിയുടെ രൂപം മനസില്‍ തെളിയും.
പിന്നെ വീട്ടിലെ പൂജാമുറിയിലിരുന്ന് മനസില്‍ ആവാഹിച്ചെടുത്ത രൂപം കാന്‍വാസില്‍ പകര്‍ത്തും. അങ്ങനെ വരയിലൂടെ ജനിക്കുന്ന ദേവരൂപത്തിനാണ് ചൈതന്യമെന്ന് ഷാനി പറയുന്നു. ഭര്‍ത്താവ് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ബിനുവും മക്കളായ ലക്ഷ്മി പ്രിയയും ശബരീനാഥനുമാണ് ചിത്രകലയില്‍ തനിക്ക് പിന്തുണയെന്ന് ഷാനി സന്തോഷത്തോടെ പറയുന്നു.