നിയമസഭ പുസ്തകോത്സവം : പാനൽ ചർച്ച: പുസ്തകഭ്രാന്ത് മുതൽ പെണ്‍കരുത്തിന്റെ ശബ്ദങ്ങൾ വരെ
1491640
Wednesday, January 1, 2025 6:38 AM IST
തിരുവനന്തപുരം: സമകാലീന ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യനെ ചേർത്തു നിർത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെണ്‍കരുത്തിന്റെ ശബ്ദങ്ങൾ വരെയുളള വിഷയങ്ങളിൽ പാനൽ ചർച്ചകളുമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനശ്രദ്ധയാകർഷിക്കും.
ഈ മാസം ഏഴു മുതൽ 13 വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് രാഷ്ട്രീയ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ കക്ഷി രാഷ്ട്രീയങ്ങൾക്കും സാഹിത്യസീമകൾക്കും സാംസ്കാരിക വേലിക്കെട്ടുകൾക്കും അപ്പുറമായി പുത്തനാശയങ്ങളുമായി എത്തുക.
മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും എംഎൽഎമാരായ എം.വി. ഗോവിന്ദൻ മാസ്റ്ററും രമേശ് ചെന്നിത്തലയും പി.കെ. ബഷീറും മാത്യു ടി. തോമസും സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചു പ്രസംഗി ക്കും. ജോണ്‍ ബ്രിട്ടാസ് എംപി മോഡറേറ്ററാകുന്ന പാനൽ ചർച്ചയിൽ പി.കെ. കൃഷ്ണദാസും പങ്കെടുക്കും.
സഹകരണമേഖലയും പ്രഫഷണലിസവും എന്ന വിഷയത്തിലെ ചർച്ചയിൽ മന്ത്രി വി.എൻ. വാസവൻ, കോലിയക്കോട് കൃഷ്ണൻനായർ, ഡോ. ബി.പി. പിള്ള, ഇ.ജി. രഞ്ജിത് കുമാർ, ബി. രാജേന്ദ്രകുമാർ, ഡോ. രാജേഷ് എസ.് പൈങ്ങാവിൽ, ഡോ. എസ്. രാജേഷ് കുമാർ എന്നിവർ പങ്കെടുക്കും. ഡോ. ഡി. സജിത് ബാബു മോഡറേറ്ററാകും.
പി.കെ. ശ്രീമതി, ബി.എം. സുഹറ, ഡോ. രേഖാ രാജ്, ഷീബ അമീർ, ഡോ. അനു ഗോപിനാഥ് എന്നിവർ പങ്കെടുക്കുന്ന പെണ്‍കരുത്തിന്റെ ശബ്ദങ്ങളെക്കുറിച്ചുള്ള ചർച്ച മാതു സജി നയിക്കും. മനുഷ്യനെ ചേർത്തു നിർത്തുന്ന ആത്മീയതയെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ എം.വി. നിഷാന്ത് മോഡറേറ്ററാകും.
ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും മുസ്തഫ മൗലവിയും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ഭാഗമാകും. അച്ചടി മാധ്യമത്തിന്റെ ആയുസ് എന്ന വിഷയത്തിലെ ചർച്ചയിൽ സരസ്വതി നാഗരാജൻ മോഡറേറ്ററാകും. ആർ. രാജഗോപാൽ, മനോജ് കെ. ദാസ്, ജോസ് പനച്ചിപ്പുറം, ആർ.എസ്. ബാബു എന്നിവർ പങ്കെടുക്കും.
എഴുത്തും തൊഴിലും ഇഴചേരുന്പോൾ എന്ന വിഷയത്തിലെ ചർച്ചയിൽ അനു പാപ്പച്ചൻ മോഡറേറ്ററാകും. പ്രതാപൻ, സുഭാഷ് ഓട്ടുന്പുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പാനലിസ്റ്റുകളായെത്തും. സുജിത് കൊടക്കാട് ചർച്ച നയിക്കുന്ന പുസ്തകഭ്രാന്തിനെക്കുറിച്ചുള്ള ചർച്ചയിൽ കീർത്തി ജ്യോതിയും ആർ. അനന്തകൃഷ്ണനും ശരണ്‍ രാജീവും ഭാഗമാകും.
"ബാലസാഹിത്യം-ഉണ്ണികളെ ഒരു കഥ പറയാം' എന്ന ചർച്ചയിൽ ബിജു തുറയിൽകുന്ന് മോഡറേറ്ററാകും. ഡോ കെ. ശ്രീകുമാറും കൃപ അന്പാടിയും ഉണ്ണി അമ്മയന്പലവും സിബി ജോണ്‍ തൂവലും പങ്കെടുക്കും.
വിവർത്തന സാഹിത്യത്തിന്റെ സൗന്ദര്യം എന്ന വിഷയത്തിലെ ചർച്ചയിൽ സുനീത ബാലകൃഷ്ണൻ മോഡറേറ്ററാകും. ഡോ. പ്രിയ കെ. നായരും പ്രഫ. എ. അരവിന്ദാക്ഷനും സി. കബനിയും ഡോ. എൻ.എം. സണ്ണിയും പങ്കെടുക്കും. വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തുന്ന പുസ്കോത്സവത്തിൽ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും.
ടോക്ക്, ഡയലോഗ്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും.
ദിവസവും രാത്രി ഏഴു മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടായിരിക്കും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.