വർഗീയവത്കരിക്കപ്പെട്ട പോലീസിനും ചില മാധ്യമങ്ങൾക്കുമൊപ്പം നിർബന്ധിത മതപരിവർത്തന നിയമംകൂടി കിട്ടിയതിന്റെ ആവേശത്തിലാണ് യുപിയിലെ വർഗീയവാദികൾ. വേട്ടക്കാരിൽനിന്ന് ഇരയെ രക്ഷിച്ചത് കോടതി.
തീവ്രമായ മതചിന്തകൊണ്ടും വ്യക്തിവൈരാഗ്യം തീർക്കാനും പാക്കിസ്ഥാനിൽ മതനിന്ദ നിയമം ഉപയോഗിക്കുന്നതുപോലെ യുപിയിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമവും ന്യൂനപക്ഷങ്ങൾക്കെതിരേ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നു കഴിഞ്ഞ മൂന്നിന് ദീപിക മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, ഹിന്ദൂവർഗീയവാദികൾ നിയമം ദുരുപയോഗിച്ച് രണ്ടു പേരെ കേസിൽ കുടുക്കാൻ ശ്രമിച്ചതിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നു.
പക്ഷേ, ഇന്ത്യയിലെ കോടതികൾ പാക്കിസ്ഥാനിലേതുപ്പോലെ മതവത്കരിക്കപ്പെട്ടതല്ലാത്തതിനാൽ നിരപരാധികൾ രക്ഷപ്പെട്ടു. കേസ് റദ്ദാക്കിയ കോടതി, അതു രജിസ്റ്റർ ചെയ്ത പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. തത്കാലം രക്ഷപ്പെട്ടു. പക്ഷേ, ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്കുള്ള പരിവർത്തനദൂരം കുറയുകയാണോ?
ഉത്തർപ്രദേശിലെ ഖൊരക്പുർ സ്വദേശിയും ബറെയ്ലിയിലെ റൊഹിൽഖാൻഡ് മെഡിക്കൽ കോളജിൽ സിടി സ്കാൻ ടെക്നീഷനുമായ അഭിഷേക് ഗുപ്തയും തിരിച്ചറിയാത്ത എട്ടുപേരും ചേർന്ന് ബിച്ചപുർ ഗ്രാമത്തിൽ മതപരിവർത്തനം നടത്തിയെന്നും 2022 മേയ് 29നു നടത്തിയ പ്രാർഥനായോഗത്തിൽ 40 പേരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയെന്നുമായിരുന്നു പരാതി.
ഹിന്ദു ജാഗരൺ മഞ്ച് യുവ വാഹിനിയുടെ പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹിമാൻഷു പട്ടേലിന്റെ പരാതിയിലാണ് അഭിഷേക് ഗുപ്ത, കുന്ദൻ ലാൽ കോറി എന്നിവർക്കെതിരേ പോലീസ് മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
എന്നാൽ, സ്വയംപ്രഖ്യാപിത ഗോരക്ഷാ പ്രവർത്തകന്റേത് അടിസ്ഥാനരഹിതമായ പരാതിയാണെന്നു കണ്ടെത്തിയ ബറെയ്ലി അഡീഷണൽ സെഷൻസ് ജഡ്ജി ജ്ഞാനേന്ദ്ര ത്രിപാഠി കേസ് റദ്ദാക്കി. പരാതിക്കാരൻ, അയാളുമായി ബന്ധപ്പെട്ട സാക്ഷികൾ, എഫ്ഐആർ അംഗീകരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ, അന്വേഷണ ഉദ്യോഗസ്ഥൻ, കേസിൽ കുറ്റപത്രം അംഗീകരിച്ച സർക്കിൾ ഓഫീസർ എന്നിവരാണ് യഥാർഥ കുറ്റവാളികളെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ ഹിമാൻഷു പട്ടേൽ, താൻ നൽകിയതു വ്യാജപരാതിയായിരുന്നുവെന്ന് സമ്മതിച്ചു. ജൂലൈ 30ന് പുറപ്പെടുവിച്ച വിധിയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ചൊവ്വാഴ്ചയാണു പുറത്തുവന്നത്.
പാക്കിസ്ഥാനിലെ മനുഷ്യവിരുദ്ധ മതനിന്ദാ നിയമത്തിൽ എപ്പോഴുമുള്ള തൊണ്ടിമുതലാണ് ബൈബിൾ. യുപിയിലെ കേസും ഇതിനു സമാനമാണ്. ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി ഗുപ്ത ഉൾപ്പെടെയുള്ളവരിൽനിന്ന് ബൈബിളിന്റെ കോപ്പികൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് പട്ടേൽ പരാതിയിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെന്നപോലെ ബൈബിൾ അപ്രഖ്യാപിത നിയമവിരുദ്ധ ഗ്രന്ഥമായി രൂപാന്തരപ്പെടുത്തുന്നത് എത്ര തന്ത്രപരമായിട്ടാണ്.
ബൈബിൾ ഏതോ നിരോധിത ഗ്രന്ഥമാണെന്ന പൊതുബോധം സ്ഥാപിച്ചെടുക്കാനാവാം പരാതിക്കാരുടെ ശ്രമം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വർഗീയവാദികൾക്ക് പോലീസ് ഒത്താശ ചെയ്തു എന്നതാണ്. പാക്കിസ്ഥാനിൽ മതനിന്ദാ നിയമവുമായി ആരെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരേ ഇറങ്ങിയാൽ അവിടെ പോലീസ് പരാതിക്കാരനൊപ്പമായിരിക്കും. കോടതിക്കും വിഭിന്നാഭിപ്രായമുണ്ടാകാറില്ല. പക്ഷേ, ഇവിടെ കോടതി കർശനമായ നിലപാടെടുത്തു.
2007 മുതൽ സിടി സ്കാൻ ടെക്നീഷനായിരുന്ന ഗുപ്തയെ കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ജോലി ചെയ്തിരുന്ന ആശുപത്രിവളപ്പിലെ വസതിയിൽനിന്നു പുറത്താക്കി. താൻ നിയമപരമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും എന്നാൽ, 2004 മുതൽ പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വർഗീയവത്കരിക്കപ്പെട്ട പ്രാദേശിക മാധ്യമങ്ങളുടെ പങ്കും എടുത്തുപറയേണ്ടതാണ്. അഞ്ചു ലക്ഷം രൂപവരെ നൽകിയാണ് ഗുപ്ത ആളുകളെ മതപരിവർത്തനം നടത്തിയത് എന്നുവരെ ആ മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
വർഗീയവത്കരിക്കപ്പെട്ട പോലീസിനും മാധ്യമങ്ങൾക്കുമൊപ്പം ദുരുപയോഗിക്കാൻ ഏറെ സാധ്യതകളുള്ള നിർബന്ധിത മതപരിവർത്തന നിയമംകൂടി സംഘപരിവാറിന്റെ കൈയിലേക്ക് സർക്കാരുകൾ വച്ചുകൊടുക്കുന്പോൾ സംഭവിക്കുന്ന ആപത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്; ആവർത്തിക്കാൻ ഏറെ സാധ്യതയുള്ളതും. പാക്കിസ്ഥാന്റെ മതഭ്രാന്തുകളെ വിമർശിക്കാൻ യോഗ്യതയില്ലാതാകുന്ന ഇന്ത്യ രൂപംകൊള്ളുകയാണോ?