ദളിതരാണ് പക്ഷേ, ക്രൈസ്തവരായിപ്പോയി
Monday, August 19, 2024 12:00 AM IST
ന്യൂനാൽ ന്യൂനപക്ഷമായ ദളിത് ക്രൈസ്തവർക്കു മതത്തിന്റേ പേരിൽ പട്ടികജാതി സംവരണം നിഷേധിക്കുന്നത് നമ്മുടെ മതേതര ഭരണഘടനയെ സാക്ഷിയാക്കിക്കൊണ്ടാണ്. ആരുടേതാണ് ഇന്ത്യ?
ഭരണകൂടത്തിനു താത്പര്യമില്ലെങ്കിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ വിജയിക്കാൻ ബുദ്ധിമുട്ടാണ്. അത്തരമൊരു പോരാട്ടത്തിനു പിന്തുണ കൊടുക്കേണ്ടത് അനിവാര്യമാണെന്നു പ്രതിപക്ഷത്തിനും സഹപൗരന്മാർക്കും തോന്നുന്നുമില്ലെങ്കിൽ നീതി കൂടുതൽ അപ്രാപ്യമാകും. അതാണിപ്പോൾ ഇന്ത്യയിലെ ദളിത് ക്രൈസ്തവരുടെ സ്ഥിതി.
ദളിതർ ഹിന്ദുക്കളല്ലെങ്കിൽ അവർക്ക് പട്ടികജാതി സംവരണമില്ലെന്നു നിർലജ്ജം പറയുന്നതിലെ വർഗീയതയും മനുഷ്യവിരുദ്ധതയും കോടതികളെയും അലോസരപ്പെടുത്തുന്നില്ലെന്നത് ഇരകളെ കൂടുതൽ നിസഹായരാക്കുകയാണ്. ന്യൂനാൽ ന്യൂനപക്ഷമായ ദളിത് ക്രൈസ്തവർക്കു മതത്തിന്റേ പേരിൽ നീതി നിഷേധിക്കുന്നത് നമ്മുടെ മതേതര ഭരണഘടനയെ സാക്ഷിയാക്കിക്കൊണ്ടാണ്.
ആരുടേതാണ് ഇന്ത്യ?ദളിത് ക്രൈസ്തവർ നേരിടുന്ന അനീതിയുടെ ഈ "മഹാഭാരത' രചനയ്ക്ക് 75 വയസാകുകയാണ്. പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് 1950 ഓഗസ്റ്റ് 10ന് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് ദളിതരിലെ ഹിന്ദുമതവിശ്വാസികൾക്കു മാത്രമായി പട്ടികജാതി സംവരണം പരിമിതപ്പെടുത്തിയത്. അതോടെ ദളിതർ മതപരമായി വിഭജിക്കപ്പെട്ടു.
ഉത്തരവിൽ ഭേദഗതി വരുത്തി 1956ൽ സിക്കുമത വിശ്വാസികളായ ദളിതരെയും 1991ൽ ബുദ്ധമതക്കാരായ ദളിതരെയും പട്ടികയിൽ ഉൾപ്പെടുത്തി. ക്രൈസ്തവ-മുസ്ലിം ദളിതരെ മാത്രം പുറത്തു നിർത്തിയിരിക്കുകയാണ്. എന്തുകൊണ്ട്? ക്രൈസ്തവ-മുസ്ലിം മതങ്ങളിൽ വിവേചനമില്ലാത്തതുകൊണ്ട് ആ മതങ്ങളിലെ ദളിതർക്ക് സംവരണം ആവശ്യമില്ലത്രേ.
മതം മാറിയതുകൊണ്ടുമാത്രം കാലങ്ങളായി ഇന്ത്യയിലെ ദളിതർ അനുഭവിക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥ മാറില്ലെന്ന് അറിയാതെയല്ല ഈ വർത്തമാനം. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും സവർണചിന്തയുടെ സ്വഭാവവൈകല്യങ്ങളിൽനിന്ന് ക്രൈസ്തവർ ഉൾപ്പെടെ ആരും പൂർണമായി മോചിതരല്ല. ആയിരുന്നെങ്കിൽ 77 വർഷം സ്വാതന്ത്ര്യത്തിന്റെ ദേശീയപതാക ഉയർത്തിയ മണ്ണിൽ ദളിതർ നൂറാംതരം പൗരന്മാരെപ്പോലെ നിൽക്കേണ്ടിവരില്ലായിരുന്നു.
ക്രൈസ്തവ-മുസ്ലിം ദളിതർ ഹിന്ദുമതത്തിലേക്കു വന്നാൽ അവർക്കു പട്ടികജാതി പദവി തിരികെ ലഭിക്കുകയും ചെയ്യും. സംവരണം ദളിത് ക്രൈസ്തവർക്കു കൊടുക്കാതിരിക്കാൻ മാത്രം, ഹിന്ദുമതത്തിൽ ദളിതരെ തുല്യരായി കാണുന്നില്ലെന്ന പരസ്യപ്രഖ്യാപനമോ..!
"നീതിഞായർ' ന്റെ ഭാഗമായി കെസിബിസി എസ്സി/എസ്ടി/ ബിസി കമ്മീഷൻ പുറപ്പെടുവിച്ചതും ഇന്നലെ പള്ളികളിൽ വായിച്ചതുമായ സർക്കുലറിൽ ക്രൈസ്തവരിലെ വിവേചനത്തെക്കുറിച്ചു മറയില്ലാതെ പറയുന്നുണ്ട്. ""ക്രിസ്തുമതം സ്വീകരിച്ച ദളിത് സഹോദരങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഇതര പട്ടികജാതിക്കാരുടേതിൽനിന്നു വിഭിന്നമല്ല.
ഭാരതമൊട്ടുക്കു ദളിതുപീഡനങ്ങളും വിവേചനപരമായ നടപടികളും തുടർക്കഥയായിരിക്കുന്പോൾ ദളിത് ക്രൈസ്തവർക്ക് ഇരട്ട പ്രഹരമാണ് ഏൽക്കേണ്ടി വരുന്നത്. ഭരണഘടനയനുസരിച്ചുള്ള സംവരണമില്ല, നിയമസംവിധാനങ്ങളുടെ പരിരക്ഷയുമില്ല.'' എട്ടു പതിറ്റാണ്ടോടടുക്കുന്ന സംവരണത്തിനു പോലും മോചിപ്പിക്കാൻ കഴിയാത്ത ദളിത് പിന്നാക്കാവസ്ഥ, നൂറ്റാണ്ടുകളിലൂടെ നമ്മുടെ രാജ്യത്തെ വർണവിവേചന വ്യവസ്ഥ കഠിനപ്പെടുത്തിയെടുത്ത സവർണമനോഭാവത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്പന്നമാണ്.
ദളിത് ക്രൈസ്തവരുടെ കാര്യം പറഞ്ഞാൽ, താരതമ്യേന മെച്ചമെന്നു സമ്മതിച്ചാൽ പോലും 2.3 ശതമാനം മാത്രമുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രമല്ല അവർ ജീവിക്കുന്നത്; 100 ശതമാനം ഇന്ത്യക്കാരോടൊപ്പമാണ്. അവിടെയൊക്കെ മനുഷ്യനെന്ന നിലയിലുള്ള തന്റെ തുല്യാവകാശങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നവരെയാണ് ഓരോ ദളിതനും നേരിടേണ്ടിവരുന്നത്. ആ നേരിടലിന് അൽപമെങ്കിലും കരുത്തു നൽകുന്നത് സംവരണമാണ്. അതെങ്കിലും മതത്തിന്റെ പേരിൽ നിഷേധിക്കരുത്.
പിന്നാക്കസമുദായങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട എല്ലാ കമ്മീഷനുകളും കമ്മിറ്റികളും നിർദേശിച്ചിട്ടുള്ളത് ക്രൈസ്തവവിശ്വാസം സ്വീകരിച്ച പട്ടികജാതിക്കാർ സാമൂഹികവും സാന്പത്തികവുമായി പിന്നാക്കമാണെന്നും അവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കണമെന്നുമാണ്.
1953ൽ നിയമിച്ച കാക്ക കലേൽക്കർ കമ്മീഷൻ, 1965ൽ ജസ്റ്റീസ് കുമാരപിള്ള കമ്മീഷൻ, 1969ൽ ഇളയപെരുമാൾ ചിദംബരം കമ്മിറ്റി, 1970ൽ നെട്ടൂർ പി. ദാമോദരൻ കമ്മിറ്റി, 1979ൽ ബിന്ദേശ്വരി പ്രസാദ് മണ്ഡൽ കമ്മീഷൻ, 2004ൽ ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ എന്നിവയെല്ലാം ദളിത് ക്രൈസ്തവരെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
പക്ഷേ, കോൺഗ്രസ് സർക്കാരുകളെപ്പോലെയോ അതിലേറെയോ ശത്രുതാമനോഭാവത്തോടെയാണ് ഇപ്പോഴത്തെ ബിജെപി സർക്കാരും ദളിത് ക്രൈസ്തവരെ അവഗണിച്ചുകൊണ്ടിരിക്കുന്നത്. നീതി കിട്ടാതെ നിരവധി ദളിത് ക്രൈസ്തവർ മരിച്ചുപോയി. ഏറ്റവുമൊടുവിൽ, ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷൻ ശിപാർശയും സ്വീകാര്യമല്ലെന്നാണ് 2022 ഡിസംബറിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്.
വിഷയം പഠിക്കുന്നതിനായി ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ദളിത് ക്രൈസ്തവ സംവരണം സംബന്ധിച്ച ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. രണ്ടു വർഷമാണ് വിഷയം പഠിക്കാൻ സർക്കാർ ചോദിച്ചത്.
ബാലകൃഷ്ണൻ കമ്മീഷന്റെ പഠനം നടക്കുന്നതിനിടെയാണ് ഈ വിഷയം ആർഎസ്എസിന്റെ മാധ്യമ വിഭാഗമായ 'വിശ്വ സംവാദ കേന്ദ്ര' ചർച്ചയ്ക്കെടുത്തത്. 2023 മാർച്ചിൽ ഡൽഹിക്കടുത്തുള്ള നോയിഡയിൽ നടത്തിയ സംവാദത്തിന്റെ ഫലം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുൻവിധിപോലെ തന്നെയായിരുന്നു; മുസ്ലിം, ക്രിസ്ത്യൻ ദളിതർക്ക് സംവരണം കൊടുക്കേണ്ടതില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംവാദങ്ങൾ സംഘടിപ്പിക്കുമെന്നും ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി സത്യം ബോധിപ്പിക്കാൻ മെമ്മോറാണ്ടം നൽകുമെന്നും സംഘപരിവാർ പ്രസ്താവിച്ചിട്ടുണ്ട്. കെ.ജി. ബാലകൃഷ്ണൻ കമ്മീഷൻ കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യത്തിനു വിരുദ്ധമായി ദളിത് ക്രൈസ്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോ, സ്വീകരിച്ചാലും കേന്ദ്രം അത് അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അന്തരീക്ഷത്തിലുണ്ട്.
ദളിത് ക്രൈസ്തവർക്ക് സംവരണം കൊടുക്കേണ്ടെന്നു പറയുവോളം കമ്മീഷനുകളെ മാറിമാറി പരീക്ഷിക്കുന്ന വിചിത്രവും മതകേന്ദ്രീകൃതവുമായ രാഷ്ട്രീയം! സങ്കുചിത രാഷ്ട്രീയം കുത്തുന്ന ചെരിപ്പിനനുസരിച്ച് കാലുകൾ ചെത്തിമിനുക്കുകുകയോ..?
ഭരണഘടനയുടെ ആർട്ടിക്കിൾ 15, 25 എന്നിവ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു പൗരന്റെയും അവകാശങ്ങൾ നിഷേധിക്കരുതെന്നു പറയുന്പോഴാണ് ദളിത് ക്രൈസ്തവരായ ലക്ഷക്കണക്കിനു പൗരന്മാർ മാറിമാറി വരുന്ന സർക്കാരുകൾക്കും ന്യായാസനങ്ങൾക്കും മുന്നിൽ 74 വർഷമായി കൈനീട്ടി നിൽക്കുന്നത്.
കേരളത്തിലെ ഇടതു സർക്കാരും വടക്കോട്ട് നോക്കിയിരിക്കുന്പോൾ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്ക് സംവരണം ലഭ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യ പ്പെടുന്ന പ്രമേയം 2023 ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കി; അത്രയും ആശ്വാസം.
ഇന്ത്യയിലെ ദളിതർക്ക് എന്നെങ്കിലുമൊരിക്കൽ നീതി ലഭ്യമാക്കണമെന്ന് ഈ ജനാധിപത്യ-മതേതര രാജ്യത്തെ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മതത്തിന്റെ പേരു പറഞ്ഞ് ആരെയും ഒഴിവാക്കരുത്. സർക്കാർ, കമ്മീഷനുകൾ, കോടതി... ഓടിത്തളർന്ന ദളിത് ക്രൈസ്തവർ ആവുന്നത്ര ഉച്ചത്തിൽ പറയുന്നുണ്ട്; ഹാജർ!