വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഇന്നു വോട്ടെണ്ണലാണ്. വിജയപരാജയങ്ങളെ ശ്രദ്ധയോടെ സ്വീകരിക്കണം. “അന്പാനേ ശ്രദ്ധിക്കാൻ പറ’’ എന്ന് ‘ആവേശ’ത്തിലെ നായകൻ തന്റെ വാലായി നടക്കുന്നയാളോട് പറയുന്നതുപോലെയല്ല,ജനാധിപത്യബോധത്തിന്റെ മാറ്റുരയ്ക്കുന്ന ശ്രദ്ധയാണത്.
ആ രഹസ്യം ഇന്നു പരസ്യമാകും. രാജ്യം ആരു ഭരിക്കണമെന്ന് ഓരോ സമ്മതിദായകനും മനസിലെണ്ണിയ കണക്കുകളുടെ ആകെത്തുക ഇന്നു വെളിപ്പെടും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്കു മുന്പ് രാജ്യം ആരു ഭരിക്കുമെന്നറിയും. ആരു ഭരിച്ചാലും അതു ജനങ്ങളുടെ തീരുമാനമാണ്. പക്ഷേ, വിജയപരാജയങ്ങൾ മാത്രമല്ല, തുടർന്നുള്ള പ്രതികരണവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നു മറക്കരുത്.
ആഘോഷദിവസമാണെങ്കിലും ജയിക്കുന്നവർക്കും തോൽക്കുന്നവർക്കും അവരുടെ അനുയായികൾക്കും പരസ്പരം ചെളിവാരിയെറിയാനുള്ള അവസരമല്ലിത്. വിജയപരാജയങ്ങളെ ശ്രദ്ധയോടെ സ്വീകരിക്കണം. “അന്പാനേ ശ്രദ്ധിക്കാൻ പറ’’ എന്ന് ‘ആവേശ’ത്തിലെ നായകൻ തന്റെ വാലായി നടക്കുന്നയാളോട് പറയുന്നതുപോലെയല്ല, ജനാധിപത്യബോധത്തിന്റെ മാറ്റുരയ്ക്കുന്ന ശ്രദ്ധയാണത്.
ഏപ്രിൽ 19നു തുടങ്ങി ഏഴു ഘട്ടങ്ങളായി പൂർത്തിയാക്കിയ തെരഞ്ഞെടുപ്പുത്സവത്തിന്റെ കൊടിയിറങ്ങുന്പോൾ നമുക്ക് സന്തോഷമുളവാക്കുന്നതും വേദനിപ്പിക്കുന്നതുമായ ധാരാളം കാര്യങ്ങളുണ്ട്. അതൊക്കെ ഒരു മത്സരത്തിന്റെ ഭാഗമായെടുക്കുന്നവരാണ് കൂടുതലെങ്കിലും തെരുവിലും സമൂഹമാധ്യമങ്ങളിലും അഴിഞ്ഞാടുന്നവരും ഉണ്ടാകും. അവർ ജനാധിപത്യത്തെ മാനിക്കാത്ത കുറ്റവാളികളാണ്.
2021 ജനുവരിയിൽ അമേരിക്കയുടെ പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ, പരാജിതനായ ട്രംപിന്റെ അനുയായികൾ നടത്തിയ കുപ്രസിദ്ധ കടന്നുകയറ്റം ലോകം കണ്ടതാണ്. ആ രാജ്യത്തിന്റെ ജനാധിപത്യ സംസ്കാരത്തിനുമേൽ ചെളി വാരിയെറിഞ്ഞ സംഭവമായിപ്പോയി അത്. ബൈഡന് ജയിച്ചത് ചതിയിലൂടെയും വഞ്ചനയിലൂടെയുമാണെന്നും കാപിറ്റോള് ഹില്ലിലേക്ക് നമുക്ക് മാർച്ച് ചെയ്യാമെന്നും ട്രംപ് പറഞ്ഞ വിവരക്കേടിനെ അനുയായികള് ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിൽ അത്തരമൊരു സംഭവവും ഉണ്ടാകാൻ മാത്രം നമ്മൾ അധഃപതിച്ചിട്ടില്ലായിരിക്കും.
പക്ഷേ, അത്തരം കിരാതമായ നീക്കങ്ങൾ മാത്രമല്ല ജനാധിപത്യ മര്യാദയുടെ അളവുകോലാകുന്നത്. അസഭ്യങ്ങളും വർഗീയച്ചുവയുള്ള പ്രസ്താവനകളും കുറിപ്പുകളുമൊക്കെ നാം ആരാണെന്നു വെളിപ്പെടുത്തും. സമൂഹമാധ്യമങ്ങളിലെ ദുഷിച്ച ഭാഷപോലും പാർലമെന്റിലേക്കുള്ള അതിക്രമിച്ചുകയറ്റത്തിനു തുല്യമാണ്. ആഹ്ലാദവും ദുഃഖവും അക്രമത്തിനും അഴിഞ്ഞാട്ടത്തിനുമുള്ള ന്യായീകരണമല്ല. അതുകൊണ്ടാണ് ശ്രദ്ധ വേണമെന്നു പറയുന്നത്.
തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലുമുള്ള സുതാര്യത ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിയണം. വോട്ടെണ്ണലിനെക്കുറിച്ചുള്ള ആശങ്കകൾ പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷനെ നേരിൽ കണ്ടു ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അതിനു വില കൊടുക്കേണ്ടതുണ്ട്.
പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണുക, കൺട്രോൾ യൂണിറ്റിലെ വോട്ടെണ്ണൽ യന്ത്രത്തിലെ തീയതിയും സമയവും രേഖപ്പെടുത്തുക, നടപടികൾ പൂർണമായും ചിത്രീകരിക്കുക തുടങ്ങിയ ആവശ്യങ്ങളെ മാനിക്കുകയും ഭാവി തർക്കങ്ങൾ ഒഴിവാക്കുകയും വേണം. വിമർശിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതിപക്ഷം വിലകുറച്ചു കാണുകയാണെന്ന ബിജെപിയുടെ വാദം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാകരുത്. കാരണം, പ്രതിപക്ഷത്തിന്റെ ആശങ്ക പങ്കുവയ്ക്കുന്ന കോടിക്കണക്കിനു വോട്ടർമാരുണ്ടാകും.
അവരെയും ചേർത്തുപിടിക്കാൻ ജനാധിപത്യത്തിനു ബാധ്യതയുണ്ട്. മറ്റൊന്ന്, ഇന്നത്തെ ക്രമസമാധാനപാലനം കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നു എന്നതാണ്. മദ്യവിൽപനയിലെ വർധന പോലീസ് ഗൗരവത്തിലെടുക്കണം. അപ്രതീക്ഷിത വിജയപരാജയങ്ങൾ ഉണ്ടാകാമെന്ന് എക്സിറ്റ് പോളിൽ പ്രവചിക്കപ്പെട്ട മണ്ഡലങ്ങളിലും സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിലും സംസ്ഥാന സർക്കാരിന്റെ കണ്ണുണ്ടാകണം.
മത്സരിക്കുന്നവർക്കെല്ലാം തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. പക്ഷേ, പരാജയപ്പെട്ടവരെയും പങ്കെടുപ്പിച്ചു വിജയിപ്പിക്കുന്ന രാഷ്ട്രനിർമിതിയുടെ പേരാണ് ജനാധിപത്യം; വിജയികളുടെ സമഗ്രാധിപത്യമല്ല.