ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
Monday, April 22, 2024 12:00 AM IST
കേരളത്തിലായാലും കേന്ദ്രത്തിലായാലും ദുഷിച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നൊരു രാഷ്ട്രീയത്തിനായി ജനങ്ങൾ കാത്തിരിപ്പിലാണ്. അവരെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) അട്ടിമറി സാധ്യതകളുയർത്തി കേന്ദ്രസർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിക്കുന്നവർ, കിട്ടിയ തക്കത്തിനു കേരളത്തിൽ കള്ളവോട്ട് ചെയ്തിരിക്കുന്നു.
ഇവിടെ വോട്ടെടുപ്പ് 26നാണ്. അതിനു മുന്പുതന്നെ കള്ളവോട്ട് ചെയ്ത് കേരളം ചീത്തപ്പേരു കേൾപ്പിച്ചു. ഭിന്നശേഷിക്കാർക്കും 85 വയസു കഴിഞ്ഞവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ ഒരുക്കിയ സൗകര്യമാണ് ചിലർ തട്ടിപ്പിനുള്ള അവസരമാക്കിയത്.
അവസരം കിട്ടിയാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മടിക്കാത്തവർ നഷ്ടപ്പെടുത്തുന്നത് ജനാധിപത്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചും നട്ടെല്ലു നിവർത്തിനിന്നു സംസാരിക്കാനുള്ള തങ്ങളുടെ അവകാശമാണെന്നു മറക്കരുത്. അതായത്, അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നവർ അഴിമതിക്കെതിരേ പ്രസംഗിക്കുന്നതുപോലെ. ഇതിനൊക്കെ മലയാളത്തിൽ പറയുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പെന്നാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോവിഡിന്റെ പ്രതിസന്ധികൾ പരിഗണിച്ച്, പ്രായമായവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന രീതി തുടങ്ങിയത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരെയും അന്തസായി പരിഗണിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ പരിഷ്കരണം അപരിഷ്കൃതരായ ചിലർ ദുരുപയോഗിച്ചിരിക്കുന്നു.
അതിനർഥം, കേരളത്തിൽ ആദ്യമായി കള്ളവോട്ടു ചെയ്തു എന്നല്ല. ബൂത്തു പിടിത്തവും കള്ളവോട്ടും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും എതിർപാർട്ടിക്കാരുടെ ഏജന്റിനെ ബൂത്തിൽനിന്നു തല്ലിയോടിക്കുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട് കേരളം.
ആ പാരന്പര്യം പേറുന്ന പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും വീട്ടിലേക്കു ചെന്നപ്പോഴും കൈ തരിച്ചു. അത്തരം കൈകളിൽ വിലങ്ങുവച്ചാൽ 26നു കള്ളവോട്ട് ചെയ്യാൻ ഒരുക്കം നടത്തുന്നവർക്ക് ചെറിയൊരു മുന്നറിയിപ്പാകും.
കണ്ണൂരിലും കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിലും കോഴിക്കോട്ടെ പെരുവയലിലുമാണ് കള്ളവോട്ട് ആരോപണം ഉയർന്നിരിക്കുന്നത്. യുഡിഎഫും എൽഡിഎഫും പ്രതിസ്ഥാനത്തുണ്ട്. കല്യാശേരിയിൽ സിസിടിവി ഉണ്ടെന്നറിയാതെ 92കാരിയുടെ വോട്ട് സിപിഎം നേതാവുതന്നെ അങ്ങു രേഖപ്പെടുത്തി.
അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറു പേരാണ്. അതിലും അപമാനകരമായ കാര്യം സുതാര്യമായും സത്യസന്ധമായും വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ മറ്റുള്ളവരെന്നതാണ്. സ്പെഷൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരാണ് കൂട്ടുപ്രതികൾ.
കണ്ണൂരിൽ 86കാരി കെ. കമലാക്ഷിയുടെ വോട്ട് വി. കമലാക്ഷിയെക്കൊണ്ടു ചെയ്യിച്ചത് കോൺഗ്രസുകാരാണെന്നാരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ പോളിംഗ് ഓഫീസറും ബൂത്ത് ലെവൽ ഓഫീസറുമാണ് അറസ്റ്റിലായത്. കോഴിക്കോട്ടും വിളവുതിന്നതു വേലിതന്നെ.
പെരുവയലിൽ എൽഡിഎഫിന്റെ പരാതിയിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അവിടെ 91 വയസുള്ള ജാനകിയമ്മയ്ക്കു പകരം 80 വയസുള്ള മറ്റൊരു ജാനകിയമ്മയാണ് വോട്ടു ചെയ്തത്. അടുത്തടുത്ത വീടുകളായതും ഭർത്താക്കന്മാരുടെ പേര് സമാനമായതുമാണ് അബദ്ധത്തിനു കാരണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
വോട്ട് രേഖപ്പെടുത്തുന്നതിനുമുന്പ് അതേക്കുറിച്ച് എൽഎഡിഎഫ് പ്രവർത്തകർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്. എന്തായാലും മൂന്നിടത്തും കള്ളവോട്ട് തടയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർതന്നെ കള്ളവോട്ടിനു വഴിതുറന്നിരിക്കുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളെപ്പോലെതന്നെ അപകടകാരികളാണ് രാഷ്ട്രീയക്കാരായ ഉദ്യോഗസ്ഥരും. ഈ അപചയം ഒറ്റപ്പെട്ടതല്ല. അത് സെക്രട്ടേറിയറ്റിലും സർവകലാശാലകളിലും പഞ്ചായത്തുകളിലും ഉൾപ്പെടെ സകല സ്ഥലങ്ങളിലുമുണ്ട്. അതിലും വലിയ ആപത്താണ് പിൻവാതിൽ നിയമനങ്ങൾ.
യോഗ്യതയുള്ളവരെ നോക്കുകുത്തിയാക്കി സർക്കാർ സ്ഥാപനങ്ങളിൽ കയറിക്കൂടുന്നവരുടെ കൂറ് ആരോടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) സർക്കാർ വിധേയർ പ്രതിപക്ഷത്തെ തേടിയെത്തുന്പോൾ ഇരവാദമുയർത്തുന്നവർ തങ്ങൾക്കു സാധ്യമായിടത്തൊക്കെ അതു തന്നെയല്ലേ ചെയ്യുന്നത്? ഇഡി അവിടെ ചെയ്യുന്നതല്ലേ തങ്ങളാലാവുംവിധം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവിടെ ചെയ്യുന്നത്?
കേരളത്തിലായാലും കേന്ദ്രത്തിലായാലും ദുഷിച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നൊരു രാഷ്ട്രീയത്തിനായി ജനങ്ങൾ കാത്തിരിപ്പിലാണ്. അവരെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്.