മരണ മരങ്ങളെ വെട്ടിനിരത്തണം
സ്കൂളുകൾ തുറക്കുംമുന്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും നമ്മളെത്ര ചർച്ച ചെയ്തതാണ്. സർക്കാർ എത്ര നിർദേശങ്ങൾ നൽകിയതാണ്. അവകാശവാദങ്ങൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല.
ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയുടെ മരണം ദാരുണവും നൊന്പരപ്പെടുത്തുന്നതുമാണ്. കാസർഗോഡ് പുത്തിഗെയിൽ ക്ലാസ് കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം സ്കൂൾ ബസിൽ കയറാൻ പോകവേ ആ കുഞ്ഞിന്റെ മുകളിലേക്കു സ്കൂൾ വളപ്പിലെ മരം മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.
ചൊവ്വാഴ്ച, അതായത് ഇന്നലെ രാവിലെ സർക്കാർ സംവിധാനങ്ങൾ ഉണർന്നു. അപകടകരമായ നിലയിലുള്ള വൃക്ഷങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ അടിയന്തരമായി അറിയിക്കാൻ സ്കൂൾ അധികൃതർക്കു കളക്ടർ നിർദേശം നൽകിക്കഴിഞ്ഞു. ഇത് ഒരു ദിവസം മുന്പായിരുന്നെങ്കിൽ, മിൻഹ ജീവനോടെ ഉണ്ടാകുമായിരുന്നില്ലേ? സ്കൂളുകൾ തുറക്കുംമുന്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും നമ്മളെത്ര ചർച്ച ചെയ്തതാണ്. സർക്കാർ എത്ര നിർദേശങ്ങൾ നൽകിയതാണ്. അവകാശവാദങ്ങൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. പക്ഷേ, 11 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവൻ പൊലിയുവോളം നാം കാത്തിരുന്നു.
സ്വകാര്യഭൂമിയിലെ അപകടഭീഷണിയിലുള്ള വൃക്ഷങ്ങൾ സ്വന്തം ചെലവിൽ വെട്ടിനീക്കാൻ സ്ഥലമുടമയ്ക്കു നോട്ടീസ് കൊടുക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകളിലെ വൃക്ഷങ്ങളുടെ കാര്യത്തിൽ ഈ ശുഷ്കാന്തി കാണിക്കാറില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ പുത്തിഗെ അംഗഡിമൊഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അപകടം ഉണ്ടാകുമായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിനു നിർദേശം നൽകി. സ്കൂളുകളുടെ സമീപത്ത് അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റണമെന്നു നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എന്നിട്ടും ഇത്തരമൊരു സംഭവം ഉണ്ടായതെങ്ങനെയെന്ന് അന്വേഷിച്ച് അഞ്ചു ദിവസത്തിനകം റിപ്പോർട്ടു നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
ഇപ്പോൾ മന്ത്രിക്കു ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ മന്ത്രിയല്ല ആരു പറഞ്ഞാലും ഇതൊന്നും ബന്ധപ്പെട്ട പഞ്ചായത്തുകളോ ഉദ്യോഗസ്ഥരോ ചെയ്യുന്നില്ലെന്ന്. കാസർഗോഡ് മാത്രമല്ല, കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുതന്നെയാവില്ലേ സ്ഥിതി? ദുരന്തനിവാരണ നിയമം അനുസരിച്ച്, തദ്ദേശ സ്ഥാപന ട്രീ കമ്മിറ്റിയും വില്ലേജ് വികസന സമിതിയുമാണ് അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റാനുള്ള നടപടിയെടുക്കേണ്ടത്.
കാസർഗോഡ് സ്കൂളുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട സമിതിയുടെ യോഗം ചേർന്ന് അടിയന്തരമായി മുറിക്കേണ്ട മരങ്ങളുടെ പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു ശിപാർശ ചെയ്യും. ഇതൊക്കെ ദിവസങ്ങൾകൊണ്ടു ചെയ്യാവുന്നതേയുള്ളു. എന്നിട്ടാണ് രണ്ടുമാസത്തെ വേനലവധിക്കാലത്ത് സമയം പാഴാക്കിയത്. സർക്കാർ നിർദേശം നൽകിയിട്ടും വൃക്ഷങ്ങൾ വെട്ടിമാറ്റാൻ നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടുണ്ടാക്കിയാൽ മാത്രം പോരാ, ഉത്തരവാദികൾക്കെതിരേ കർശന നടപടിയെടുക്കുകയും വേണം. ഇത് സർക്കാർ ഉദ്യോഗസ്ഥർ നടത്തേണ്ട ജീവകാരുണ്യപ്രവൃത്തിയല്ല, വാങ്ങുന്ന ശന്പളത്തിനു ചെയ്യേണ്ട ജോലിയാണ്. അവർ വാങ്ങുന്ന ശന്പളം, കാസർഗോട്ട് മരത്തിനടിയിൽപ്പെട്ടു മരിച്ച മിൻഹയുടെ കുടുംബം ഉൾപ്പെടെ നൽകുന്ന നികുതിയാണ്.
സംസ്ഥാനത്ത് കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാന പാതകളുടെ ഇരുവശങ്ങളിലും അപകടകരമായ നിലയിൽ ലക്ഷക്കണക്കിന് മരങ്ങളാണുള്ളത്. വൃക്ഷങ്ങൾ ഒടിഞ്ഞും കടപുഴകിയും ഗതാഗതം തടസപ്പെടുന്നതു പതിവുകാഴ്ചയാണ്. മലയോരങ്ങളിലെ സ്ഥിതിയാണ് കൂടുതൽ അപകടസാധ്യതയുള്ളത്. ഇടുക്കിയിൽ മലങ്കര മുതൽ കുളമാവ് വരെയും പവർഹൗസ് സ്ഥിതി ചെയ്യുന്ന മൂലമറ്റത്തുമൊക്കെ വച്ചുപിടിപ്പിച്ചതും അല്ലാത്തതുമായ നിരവധി വൃക്ഷങ്ങൾ അപകടകരമായ നിലയിൽ റോഡരികിൽ തന്നെയുണ്ടെന്നു കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പഞ്ചായത്ത്, സംസ്ഥാന, ദേശീയ പാതകളിലെല്ലാം ഇതാണ് സ്ഥിതി. കേരളത്തിലെ വൈദ്യുതി മുടക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൈദ്യുതി ലൈനുകളിലേക്കു മരം വീഴുന്നതാണ്.
മഴക്കാലത്ത് മരം വെട്ടിനീക്കുന്നതു ദുഷ്കരമാണെങ്കിലും ദുരന്തങ്ങളൊഴിവാക്കാൻ സർക്കാർ എത്രയും വേഗം ഇടപെടണം. വിദ്യാലയ പരിസരത്തേതു മാത്രമല്ല റോഡുകളിൽ ഉൾപ്പെടെ അപകടസാധ്യതയുള്ള എല്ലായിടത്തെയും മരങ്ങളും മരക്കന്പുകളും വെട്ടിനീക്കണം. അതിന്റെ പേരിൽ വൃക്ഷസ്നേഹ നാടകങ്ങൾക്കോ സർക്കാർ വകുപ്പുകൾ തമ്മിൽ തർക്കത്തിനോ ഇട കൊടുക്കാത്ത വിധം സർക്കാരിന്റെ കർശന ഉത്തരവുണ്ടാകട്ടെ. പാലിക്കാത്ത ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കരുത്.