രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
സ്ത്രീകളുടെ കൈയിൽ പണമെത്തുകയും അതുയർത്തിയ ആത്മാഭിമാനത്താൽ പുരുഷനൊപ്പം തലയുയർത്തി നിൽക്കാൻ വലിയൊരു വിഭാഗം സ്ത്രീകൾക്കും കരുത്താകുകയും ചെയ്ത കൂട്ടായ്മയായാണ് കുടുംബശ്രീ. സ്ത്രീകളുടെ അക്കൗണ്ടിലെ പണം ഈ രാജ്യത്തെ ഏറ്റവും ഉത്തരവാദിത്വമുള്ളതും അഴിമതിരഹിതവുമായ ഫണ്ടാണെന്ന യാഥാർഥ്യം ഈ പ്രസ്ഥാനം അടിവരയിട്ട് ഉറപ്പിച്ചു.
25 വർഷംകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ സാന്പത്തിക സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും നട്ടെല്ലായി മാറിയ കുടുംബശ്രീ ഇനിയെക്കാലവും ഇവിടെയുണ്ടാകണം. സ്ത്രീകളെ മാത്രമല്ല, കുടുംബങ്ങളെയും ശക്തീകരിച്ച ഈ കൂട്ടായ്മ രാജ്യത്തിനു മാതൃകയായിക്കഴിഞ്ഞു. സാന്പത്തികമായ സ്വാശ്രയത്വം വ്യക്തിശക്തീകരണത്തിന്റെ മുഖ്യമായ ഭൗതികഘടകമാണെങ്കിൽ അതു നൽകാൻ കുടുംബശ്രീ കൂട്ടായ്മകൾക്കു സാധിച്ചിട്ടുണ്ട്. അവശ്യസമയത്ത് കേരളത്തിനു വിശ്വസിക്കാവുന്ന സാമൂഹിക-ജീവകാരുണ്യ സൈന്യമായും ഈ വനിതകൾ നിലയുറപ്പിച്ചിട്ടുണ്ട്.
ജനപങ്കാളിത്തത്തോടെയുള്ള മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസോസിയേഷന് ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് മാനേജ്മെന്റിന്റെ അന്താരാഷ്ട്ര സുവര്‍ണ പുരസ്കാരത്തിന് കുടുംബശ്രീ അർഹമായി. 119 രാജ്യങ്ങളില്‍നിന്നുള്ള എന്ട്രികളോടു മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
1998 മേയ് 17ന് തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യനിർമാർജന മിഷന്റെ ഭാഗമായി ആവിഷ്കരിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. ജനകീയാസൂത്രണത്തിന്റെ തുടർച്ചയായിരുന്നു അത്.
25 വർഷം പിന്നിട്ടപ്പോഴേക്കും ഈ കൂട്ടായ്മയില്ലാത്തൊരു ഗ്രാമീണജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവാത്തവിധം കേരളം മാറിക്കഴിഞ്ഞു. ആലപ്പുഴയിലും മലപ്പുറത്തും നടപ്പാക്കിയ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളെ അടിസ്ഥാനമാക്കിയ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ്. നബാർഡിന്റെ സഹായത്തോടെയാണ് കേരള സർക്കാർ ഈ പദ്ധതിക്കു തുടക്കമിട്ടത്. 10 മുതൽ 20 വരെ സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് പ്രാഥമികതലം. അവയെ ഉൾപ്പെടുത്തിയുള്ള ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികളും (എഡിഎസ്) എഡിഎസുകൾ ചേർന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും (സിഡിഎസ്) ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീക്കുള്ളത്.
ശാന്തമായ തുടക്കനാളുകൾ പിന്നിട്ട് കേരളത്തിലെ സാന്പത്തികവിപ്ലവമായി അതുമാറി. 46.16 ലക്ഷം അംഗങ്ങൾ കുടുംബശ്രീയിലുണ്ട്. 1,08,464 സംരംഭങ്ങളിലായി 12 ലക്ഷം പേർ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. ആറു ലക്ഷം പേർ നേതൃപദവികളിലുണ്ട്. കുടുംബശ്രീ കാന്റീനുകളിലും മോട്ടോർ വാഹന വകുപ്പിന്റെ ഇ-സേവാ കേന്ദ്രങ്ങളിലും ജനകീയ ഹോട്ടലുകളിലും സ്വയംതൊഴിൽ-സ്വാശ്രയ യൂണിറ്റുകൾ എന്നിവിടങ്ങളിലും മാത്രമല്ല, കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും വരെ കുടുംബശ്രീ വനിതകൾ തങ്ങളുടെ സാന്നിധ്യമറിയിച്ചു. കൊച്ചി മെട്രോയിൽ 555 പേരും വാട്ടർ മെട്രോയിൽ 30 പേരും ജോലി ചെയ്യുന്നുണ്ട്.
സ്ത്രീകളുടെ കൈയിൽ പണമെത്തുകയും അതുയർത്തിയ ആത്മാഭിമാനത്താൽ പുരുഷനൊപ്പം തലയുയർത്തി നിൽക്കാൻ വലിയൊരു വിഭാഗം സ്ത്രീകൾക്കും കരുത്താകുകയും ചെയ്ത കൂട്ടായ്മയായാണ് കുടുംബശ്രീ. സ്ത്രീകളുടെ അക്കൗണ്ടിലെ പണം ഈ രാജ്യത്തെ ഏറ്റവും ഉത്തരവാദിത്വമുള്ളതും അഴിമതിരഹിതവുമായ ഫണ്ടാണെന്ന യാഥാർഥ്യം ഈ പ്രസ്ഥാനം അടിവരയിട്ട് ഉറപ്പിച്ചു. കിട്ടിയ കാശൊക്കെ ഇടവഴി കയറാതെ വീടുകളിലെത്തി. അധ്വാനിച്ചുണ്ടാക്കിയ പണം മദ്യശാലകളിലേക്കോ മയക്കുമരുന്നാവശ്യത്തിനോ പോയില്ല. സംഘടനാ പരിപാടികളിലൂടെ സാമൂഹിക പ്രവർത്തനത്തിലും നേതൃനിരയിലേക്കും നിരവധി സ്ത്രീകൾ കുതിച്ചുകയറി. നിരവധി പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുൾപ്പെടെ സ്ഥാനാർഥികളും അധികാരികളുമായി. പഞ്ചായത്തുകളിലും ഗ്രാമസഭകളിലും ചോദ്യങ്ങൾ ചോദിക്കാനും ചോദ്യംചെയ്യാനും മടിയില്ലാത്ത വനിതകളുടെ എണ്ണം കൂടി. അങ്ങനെ, നൂറ്റാണ്ടുകളായി പുരുഷന്റെ നിഴലിൽ മങ്ങിയ വ്യക്തിത്വവുമായി കഴിഞ്ഞിരുന്ന സ്ത്രീകളെ പുറത്തെത്തിക്കാനും വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രനിർമിതിയിലും മുൻനിരയിലെത്തിക്കാനും കുടുംബശ്രീ ചാലകശക്തിയായി.
ചെറിയ സന്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്ത മൈക്രോ ഫിനാൻസ് പദ്ധതി പ്രാദേശിക ബാങ്കുകളായി. മന്ത്രി എം.ബി. രാജേഷ് പറഞ്ഞതനുസരിച്ച്, 8,029.47 കോടി രൂപയുടെ നിക്ഷേപം അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ ബാങ്കുകളിലുണ്ട്. പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് അവർ കേരളത്തിന്റെ സാമൂഹികസേവനരംഗത്തും മുദ്ര പതിപ്പിച്ചു.
സഹകരണസംഘങ്ങൾ ഉൾപ്പെടെ നാട്ടിലെ ഏതൊരു മുന്നേറ്റത്തെയും വിഴുങ്ങുന്ന രാഷ്ട്രീയം കുടുംബശ്രീയെയും തകർക്കുമോയെന്ന ആശങ്ക അസ്ഥാനത്തല്ല. ഇത് ഒരു പാർട്ടിയുടെയും പോഷകസംഘടനയല്ല. പാർട്ടി സമ്മേളനങ്ങളിലും പ്രകടനങ്ങളിലും എണ്ണം തികയ്ക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കുന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയ വനിതാ മുന്നേറ്റത്തെ പാർട്ടിത്തൊഴുത്തുകളിൽ കെട്ടിയിടാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നായാലും പിന്തിരിപ്പൻ നടപടിയാണ്. രാഷ്ട്രശ്രീയാകേണ്ട പ്രസ്ഥാനത്തെ പാർട്ടിശ്രീയാക്കരുത്.