അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ജനങ്ങളുമായുള്ള ചർച്ചയ്ക്കു തുല്യമാണ് ഭരണാധികാരി ജനപ്രതിനിധികളുമായി നിയമനിർമാണ സഭകളിൽ നടത്തുന്ന ചർച്ചകൾ. ഏകപക്ഷീയമായ മൻ കി ബാത്തുകൾ ജനാധിപത്യത്തിന്റേതല്ല, ഏകാധിപത്യത്തിന്റേതാണെന്ന് ഓർമിപ്പിക്കുന്നതിൽ ഖേദമുമുണ്ട്.
എംപിമാർക്കുവേണ്ടി എംപിമാരാൽ നടത്തപ്പെടുന്ന എംപിമാരുടെ സംവിധാനമല്ല ജനാധിപത്യമെന്ന് ഇന്ത്യയിലെ എംപിമാരെ ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നു. അതു ജനങ്ങളുടേതാണ്. രാജ്യത്തെ സുപ്രധാന വിഷയങ്ങളൊന്നും ചർച്ചചെയ്യാതെ പുറത്താക്കലും ബഹിഷ്കരണവുമൊക്കെയായി മരവിച്ചുപോകുന്ന പാർലമെന്റിൽ ജനാധിപത്യവിരുദ്ധ നടപടികളാണ് അരങ്ങേറുന്നതെന്നു പ്രധാനമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെയുള്ള എല്ലാ എംപിമാരും മനസിലാക്കണം. ജൂലൈ 18ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയതുമുതൽ വിവാദങ്ങളും ബഹളവും സസ്പെൻഷനുമൊക്കെ തുടരുകയാണ്. വിലക്കയറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചയാവശ്യപ്പെട്ട 24 എംപിമാരെ ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി സസ്പെൻഡ് ചെയ്തുകഴിഞ്ഞു.
പാർലമെന്റ് സമ്മേളനം തുടങ്ങിയതുമുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്ന കാര്യമാണ് വിലക്കയറ്റം, പണപ്പെരുപ്പം, നികുതി വർധന തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നത്. ജനം പൊറുതിമുട്ടിക്കഴിഞ്ഞു. പാർലമെന്റിലല്ലാതെ എവിടെവച്ചാണ് പ്രതിപക്ഷം സർക്കാരിനോട് ഇതേക്കുറിച്ചു ചർച്ച ചെയ്യുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ, രാജ്യം നേട്ടങ്ങളിലൂടെ കടന്നുപോകുകയാണെന്നും വൻകുതിപ്പാണു നടത്തുന്നതെന്നും ലോകം പ്രതീക്ഷയോടെ നോക്കുന്നത് ഇന്ത്യയിലേക്കാണെന്നുമൊക്കെ കൊട്ടിഘോഷിക്കുന്ന സർക്കാർ ജനങ്ങളുടെ നീറുന്ന വിഷയങ്ങൾ ചർച്ചയ്ക്കെടുക്കാൻ ഭയപ്പെടുന്നുവെന്ന് കൂടുതലാളുകൾക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാർലമെന്റ്. അവിടത്തെ ചർച്ചകളാണ് ജനാധിപത്യ പൂജ. അതു പ്രഹസനമാകാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി.
പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ വിദഗ്ധസമിതികൾ സൂക്ഷ്മപരിശോധന നടത്തുന്നതും പേരിനു മാത്രമായിരിക്കുന്നു. സമ്മേളനദിവസങ്ങൾ കുറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യം തീരെയില്ലാതായി. മാധ്യമങ്ങളെ കാണാനോ ചോദ്യങ്ങൾക്കുത്തരം പറയാനോ മടിക്കുന്ന അദ്ദേഹം ഇപ്പോൾ പാർലമെന്റിലും പിൻവലിയുകയാണോ? അദ്ദേഹം എങ്ങനെയാണ് ജനങ്ങളുടെ അഭിപ്രായമറിയുന്നത്? എനിക്കാരെയും കേൾക്കേണ്ട, ഞാൻ പറയുന്നതു രാജ്യം കേട്ടാൽ മതിയെന്നു പറയുന്നതിനു തുല്യമല്ലേ ഇത്?
നിയമനിർമാണങ്ങൾ നടത്തുന്പോൾ ആളുകളുടെ അഭിപ്രായം ചോദിക്കാനും വകുപ്പുകളെക്കുറിച്ചു ചർച്ച നടത്താനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും സംയുക്ത യോഗത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ തുറന്നടിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. ജനങ്ങളുമായുള്ള ചർച്ചയ്ക്കു തുല്യമാണ് ഭരണാധികാരി ജനപ്രതിനിധികളുമായി നിയമനിർമാണ സഭകളിൽ നടത്തുന്ന ചർച്ചകൾ.
ഏകപക്ഷീയമായ മൻ കി ബാത്തുകൾ ജനാധിപത്യത്തിന്റേതല്ല, ഏകാധിപത്യത്തിന്റേതാണെന്ന് ഓർമിപ്പിക്കുന്നതിൽ ഖേദമുമുണ്ട്. തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഓരോ എംപിയെയും പാർലമെന്റിലേക്കു പറഞ്ഞുവിടുന്നത് ലക്ഷക്കണക്കിനു പൗരന്മാർ ചേർന്നാണ്. ബ്രസീൽ മുൻ പ്രസിഡന്റ് ഫെർനാൻഡോ ഹെന്റിക് കാർഡോസോയുടെ വാക്കുകൾക്ക് ഇവിടെ പ്രസക്തിയുണ്ട്. അതിങ്ങനെയാണ്: “ഒരു വോട്ട് ഉണ്ടായിരിക്കുന്നതിന്റെ കാര്യമല്ല ജനാധിപത്യം. സമൂഹജീവിതത്തിൽ ഉൾപ്പെടുന്ന തീരുമാനങ്ങളിൽ പങ്കെടുക്കാനുള്ള ഓരോ പൗരന്റെയും സാധ്യതയും പ്രാപ്തിയും ഉൾക്കൊള്ളുന്നതാണത്.’’ അങ്ങനെ രാജ്യത്തിന്റെ തീരുമാനങ്ങളിൽ പങ്കെടുക്കാനുള്ള പൗരന്റെ അവകാശമാണ് ഈ വർഷകാല സമ്മേളനത്തിലും അട്ടിമറിക്കപ്പെടുന്നത്.
എംപിമാരെ പുറത്താക്കിയിരിക്കുന്നത് പാർലമെന്റ് സമ്മേളനം കഴിയുന്നതുവരെയാണ്. ഇതിനെതിരേ പർലമെന്റ് വളപ്പിൽ പ്രതിപക്ഷം 50 മണിക്കൂർ രാപ്പകൽ സമരം നടത്തി. പക്ഷേ, പാർലമെന്റിനു പുറത്തെ സമരങ്ങളല്ല, അകത്തെ ചർച്ചയാണ് രാജ്യത്തിനാവശ്യം. ചർച്ചകൾ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്പോൾ ഏതുവിധേനയും അതിനെ പരാജയപ്പെടുത്തുകയാണു വേണ്ടത്. തമ്മിലടിയും ഈഗോയും രോഗാവസ്ഥയിലെത്തിച്ച പ്രതിപക്ഷത്തിൽ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടുകഴിഞ്ഞു. ബിജെപിക്കു മാത്രമാണു പ്രതിപക്ഷത്തിൽ പ്രതീക്ഷയുള്ളത്; പ്രത്യേകിച്ചും, തെരഞ്ഞെടുപ്പടുക്കുന്പോൾ. അതുകൊണ്ടു ജനങ്ങൾക്കു സർക്കാരിനോട് അപേക്ഷിക്കേണ്ടിവന്നിരിക്കുന്നു, പാർലമെന്റിനെ നോക്കുകുത്തിയാക്കരുത്.
1952ൽ ഇന്ത്യയുടെ ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പാരന്പര്യം: “പ്രതിപക്ഷ അംഗങ്ങളുടെ ഈ സഭയിലേക്കുള്ള വരവ് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവർ ആരായാലും, അഭിപ്രായങ്ങളിൽ എത്രമാത്രം വ്യത്യാസപ്പെട്ടാലും, ഞങ്ങൾ അവരെ സ്വാഗതം ചെയ്യുന്നു. കാരണം, സംശയമില്ല; അവർ ഇന്ത്യൻ അഭിപ്രായത്തിന്റെ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.’’ ആകെയുണ്ടായിരുന്ന 489 എംപിമാരിൽ 364 അംഗങ്ങളുമായി മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന നേതാവാണ് അതു പറഞ്ഞത്. ബിജെപിക്കു പ്രാതിനിധ്യം പോലുമില്ലാതിരുന്ന ആ പാർലമെന്റിലും പിന്നീടും നെഹ്റു ആ പ്രതിപക്ഷ ബഹുമാനം കാണിച്ചിട്ടുണ്ട്. ഇന്നുള്ളവർ നെഹ്റുവിനെ ബഹുമാനിച്ചില്ലെങ്കിലും ആ ജനാധിപത്യ പാരന്പര്യത്തെ മാനിച്ചിരുന്നെങ്കിൽ..!