എൻഎസ്എസ് കുവൈറ്റ് വെൽഫയർ ബ്രോഷർ പ്രകാശനം ചെയ്തു
Thursday, July 7, 2016 8:24 AM IST
കുവൈത്ത് സിറ്റി: എൻഎസ്എസ് കുവൈറ്റിന്റെ സമ്പൂർണ പ്രതിനിധിസഭാ യോഗത്തിൽ സംഘടനയുടെ ഈ വർഷത്തെ വെൽഫയർ ബ്രോഷർ പ്രകാശനം ചാരിറ്റി കോ–ഓർഡിനേറ്റർ സജി, വനിതാവേദി ജോയിന്റ് കൺവീനർ കീർത്തി സുമേഷും ചേർന്നു നിർവഹിച്ചു.

ഈവർഷത്തെ രാമായണ മാസ ആചരണം ഇക്കുറി കർക്കിടകം ഒന്ന് (ജൂലൈ 16 ശനി) തുടക്കമിടും. ആരംഭ ദിവസമായ അന്നു വൈകുന്നേരം ആറിന് മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ രാമായണ പാരായണം നടത്താൻ തീരുമാനിച്ചു. രാമായണ പാരായണ സമാപനം സമ്പൂർണ രാമായണ പാരായണത്തോടെ അബാസിയയിലെ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 12നു (വെള്ളി) പുലർച്ചെ നാലു മുതൽ ആരംഭിക്കും.

നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭം ഒക്ടോബർ 11നു (ചൊവ്വ) പുലർച്ചെ നാലിനു 7നും ഇടയ്ക്ക് സാൽമിയയിൽ നടത്തും. ഇത്തവണ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കുന്നത് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. സരിതയാണ്.

പ്രസിഡന്റ് ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ നേതൃത്വം നൽകി. മംഗഫ് കോഓർഡിനേറ്റർ മനോജ്, ഐടി കോഓർഡിനേറ്റർ സന്ദീപ്, സർവീസ് മാഗസിൻ കോഓർഡിനേറ്റർ ഹരി, വനിതാ വേദി ജോ. കൺവീനർ കീർത്തി സുമേഷ്, ട്രഷറർ ശ്രീകുമാർ, ഏരിയ കോർഡിനേറ്റർമാർ തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ