അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഖുറാന്‍ പാരായണ മത്സരം
Thursday, June 16, 2016 6:15 AM IST
അബുദാബി: ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഖുറാന്‍ പാരായണ മത്സരം ജൂണ്‍ 20 മുതല്‍ 24 വരെ ഐഎസ്സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മത്സരത്തിന്റ ഉദ്ഘാടനം 20നു രാത്രി 10നു യുഎഇ പൈതൃക കേന്ദ്രം അണ്ടര്‍ സെക്രട്ടറി അലി അബ്ദുള്ള അല്‍ റുമൈത്തി നിര്‍വഹിക്കും. അഞ്ചു വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും. ഒരു ലക്ഷത്തിലേറെ ദിര്‍ഹമാണ് കാഷ് അവാര്‍ഡുകള്‍ക്കായി നീക്കിവച്ചിരിക്കുന്നതെന്നു പ്രസിഡന്റ് തോമസ് വര്‍ഗീസ് അറിയിച്ചു.

യുഎഇയില്‍ താമസ വീസയിലുള്ള എല്ലാ രാജ്യക്കാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. പ്രവേശനപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 19 ആണ്. വീസ പേജ്, പാസ്പോര്‍ട്ടിന്റെയും എമിറേറ്റ്സ് ഐഡിയുടെയും പകര്‍പ്പുകള്‍ രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതമാണ് പ്രവേശനപത്രം സമര്‍പ്പിക്കേണ്ടത്.

വാര്‍ത്താസമ്മേളനത്തില്‍ ഔഖാഫ് മന്ത്രാലയം പ്രതിനിധി അബ്ദുല്‍ നാസര്‍ മുഹമ്മദ് യൂസുഫ് അല്‍ സെഹ്ലി, ജനറല്‍ സെക്രട്ടറി ജോണ്‍ പി.വര്‍ഗീസ്, വൈസ് പ്രസിഡന്റ് രാജന്‍ എം.സക്കറിയ, ട്രഷറര്‍ എന്‍.കെ.ഷിജില്‍കുമാര്‍, കോഓര്‍ഡിനേറ്റര്‍ റഫീഖ് പി. കയനയില്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള