ഇന്ത്യാ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം: പ്രധാനമന്ത്രി
Monday, April 4, 2016 5:46 AM IST
റിയാദ്: ലോകം ഉറ്റു നോക്കുന്ന മഹത്തായ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നതായും വികസനപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഇന്നു ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലെത്തിയ പ്രധാനമന്ത്രി ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഷിംഗ്ടണില്‍ നടന്ന അന്താരാഷ്ട്ര ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം അമേരിക്കയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉച്ചയ്ക്കാണ് റിയാദിലെത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

വൈകുന്നേരം 5.30നു റിയാദ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ യുവജനങ്ങളിലാണ് തന്റെ പ്രതീക്ഷയെന്നും രാജ്യത്തിന്റെ വളര്‍ച്ച അവരുടെ അഭിവൃദ്ധിയെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സൌദി അറേബ്യയില്‍ വരാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്െടന്നും വര്‍ഷങ്ങള്‍ നീണ്ട ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആയിരത്തോളം വരുന്ന ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തിന്റെ മുമ്പില്‍ തന്റെ ഹൃസ്വ പ്രസംഗത്തിനുശേഷം എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനും ഏറെ നേരം ചെലവഴിച്ചു. ചടങ്ങില്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് സ്വാഗതം ആശംസിച്ചു. ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എംഡി ആലുങ്കല്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്നു പ്രധാനമന്ത്രി റിയാദ് മെട്രോ പ്രോജക്ടില്‍ പങ്കാളികളായ ലാര്‍സന്‍ ആന്‍ഡ് ട്രൂബോ കമ്പനിയിലെ ജോലിക്കാരുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഏറെ നേരം അവിടെ ചെലവഴിച്ച മോദി അവരോടൊപ്പം സംവദിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും സമയം കണ്െടത്തി.

ഞായറാഴ്ച രാവിലെ സൌദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സ് ആസ്ഥാനത്ത് സൌദി വ്യവസായ സംരഭകരുമായി മോദി കൂടിക്കാഴ്ച നടത്തും. പിന്നീട് സല്‍മാന്‍ രാജാവുമായി നടത്തുന്ന ചര്‍ച്ചയില്‍ തന്ത്രപ്രധാനമായ ഉഭയകക്ഷി കരാറുകളില്‍ ഇരുവരും ഒപ്പു വയ്ക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍