റിയാദ് നവോദയ തുണച്ചു; അപകടത്തില്‍പ്പെട്ട മലയാളികള്‍ നാടണഞ്ഞു
Thursday, January 28, 2016 7:59 AM IST
റിയാദ്: ട്രെയ്ലര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ റിയാദ് നവോദയ തുണയായി. നാട്ടിലേക്ക് അയയ്ക്കാന്‍ 8000 റിയാല്‍ വീതം കെട്ടിവയ്ക്കണമെന്ന കമ്പനി അധികൃതരുടെ പിടിവാശിയില്‍ നിസഹായരായി കഴിഞ്ഞിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ സുകില്‍ (24), കല്ലമ്പലം സ്വദേശി മുഹമ്മദ് റാഷിദ് (26) എന്നിവരാണു നവേദയയുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചത്.

എട്ടു മാസം മുമ്പ് ഹെവി ഡ്രൈവറുടെ വീസയില്‍ ചിറയിന്‍കീഴിലെ ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരം റിയാദിലെ ഒരു മാന്‍പവര്‍ കമ്പനിയിലേക്ക് ഇവര്‍ രണ്ടുപേരുമെത്തുന്നത്. ഈ കമ്പനി ഉടനെ തന്നെ ഇരുവരെയും ജിസാനിലെ ഒരു കമ്പനിയിലേക്കയച്ചു. കഴിഞ്ഞ നവംബറില്‍ ജിസാനില്‍ ട്രെയിലര്‍ മറിഞ്ഞുണ്ടായ ഒരു അപകടത്തിലാണു സുകിലിനും റാഷിദിനും പരിക്കേല്‍ക്കുന്നത്. നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റ സുകിലിനെയും കാലിനു പരിക്കേറ്റ റാഷിദിനെയും മെച്ചപ്പെട്ട ചികിത്സയ്ക്കായി റിയാദിലെ സൌദി ജര്‍മന്‍ ആശുപത്രിയിലേക്കു മാറ്റി. രണ്ട് സര്‍ജറികള്‍ക്കുശേഷം സുനിലിന്റെ അവസ്ഥ അല്‍പ്പം ഭേദപ്പെട്ടെങ്കിലും ഡ്രൈവര്‍ ജോലി തുടര്‍ന്നു ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കു നാട്ടിലേക്ക് അയയ്ക്കാന്‍ അവര്‍ കമ്പനിയില്‍നിന്ന് എക്സിറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിക്ക് ചെലവായ 8000 റിയാല്‍ നല്‍കാതെ എക്സിറ്റ് നല്‍കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ചിറയിന്‍കീഴിലെ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെട്ടപ്പോഴും അവര്‍ സഹായിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണു നവോദയ പ്രവര്‍ത്തകരുമായി ഇവര്‍ ബന്ധപ്പെടുന്നത്.

നവോദയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരായ ലത്തീഫ്, ബാബുജി എന്നിവര്‍ കമ്പനിയുമായി നേരിട്ടു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രവുമല്ല സാമൂഹ്യ പ്രവര്‍ത്തകരുടെ ഇഖാമ കമ്പനി വാങ്ങിവയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് നവോദയ പ്രവര്‍ത്തകര്‍ വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എംബസിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും നിയമനടപടി കൈക്കൊള്ളുമെന്ന നവോദയയുടെ മുന്നറിയിപ്പിനെത്തുടര്‍ന്നും രണ്ടു പേര്‍ക്കും ഒരു റിയാലും വാങ്ങാതെ തന്നെ എക്സിറ്റ് അടിച്ചു നല്‍കാന്‍ കമ്പനി മാനേജ്മെന്റ് തയാറാകുകയായിരുന്നു.

സുകിലിനും റാഷിദിനും വിമാന ടിക്കറ്റ് നല്‍കിയത് റിയാദ് നവോദയയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇരുവരും നാട്ടിലേക്കു മടങ്ങി.

മുമ്പ് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്ന ചിറയിന്‍കീഴിലെ റിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി തൊഴിലാളി ക്ഷേമവിഭാഗം ഉറപ്പു നല്‍കിയതായി നവോദയ ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍