ഹറമൈന്‍ ട്രെയിന്‍ പദ്ധതി അടുത്ത വര്‍ഷാവസാനം യാഥാര്‍ഥ്യമാകും
Friday, October 2, 2015 5:10 AM IST
ജിദ്ദ: ലോക രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അതിവേഗ ട്രെയിനുകളില്‍ സുഖയാത്രക്ക് അവസരം ലഭിക്കും. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് വഴി ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതി അടുത്ത വര്‍ഷാവസാനം യാഥാര്‍ഥ്യമാകും. ഇതോടെ ജിദ്ദയില്‍നിന്നു മക്കയിലേക്കും മക്കയില്‍നിന്നു മദീനയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കു തീര്‍ഥാടകര്‍ക്ക് ബസുകളെ ആശ്രയിക്കേണ്ടിവരില്ല. മിനായിലും അറഫയിലും മുസ്ദലിഫയിലും മശാഇര്‍ മെട്രോയിലും ജിദ്ദ, മക്ക, മദീന നഗരങ്ങള്‍ക്കിടയില്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതിയിലും യാത്രാ സൌകര്യം ലഭിക്കുന്നതോടെ തീര്‍ഥാടകരുടെ യാത്ര പുതിയ അനുഭവമായി മാറും. നിലവില്‍ മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് ബസുകളെയാണ് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്നത്.

കാലപ്പഴക്കം ചെന്ന ബസുകളില്‍ മണിക്കൂറുകള്‍ നീളുന്ന യാത്ര തീര്‍ഥാടകര്‍ക്ക് പരീക്ഷണമാണ്. തീര്‍ഥാടകരുടെ യാത്രാക്ളേശങ്ങള്‍ക്കു ശാശ്വത പരിഹാരം എന്നോണമാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി സൌദി അറേബ്യ ആസൂത്രണം ചെയ്തത്. അടുത്ത വര്‍ഷം ഡിസംബറില്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ചൂളംവിളിച്ച് കുതിച്ചുപായും. മണിക്കൂറില്‍ മുന്നൂറിലധികം വേഗതയുള്ള ട്രെയിനുകളാണു സര്‍വീസിനു ഉപയോഗിക്കുന്നത്. ഇതോടെ ജിദ്ദയില്‍നിന്നു മക്കയിലേക്ക് അര മണിക്കൂറിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് രണ്ടു മണിക്കൂറിലും എത്തിച്ചേരാന്‍ സാധിക്കും. ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ സര്‍വീസിന് ഉപയോഗിക്കുന്ന ട്രെയിനുകള്‍ സ്പാനിഷ് കമ്പനിയാണ് നിര്‍മിച്ചുനല്‍കുന്നത്.

35 ട്രെയിനുകള്‍ക്കാണു കമ്പനി കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്‍പ്പെട്ട ആദ്യ ട്രെയിന്‍ കഴിഞ്ഞ ഡിസംബറില്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ഫസ്റ് ക്ളാസ് കോച്ചുകളും ഇക്കോണമി ക്ളാസ് കോച്ചുകളും ഉള്‍പ്പെടെ പതിനഞ്ച് കോച്ചുകളാണ് ട്രെയിനിലുള്ളത്. ഹറമൈന്‍ ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകരുടെ യാത്രയ്ക്ക് ബസുകളെ ആശ്രയിക്കേണ്ടിവരില്ലെന്ന് ഹറമൈന്‍ ട്രെയിന്‍ അധികൃതര്‍ പറഞ്ഞു. മദീന, റാബിഗ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റികളിലെ റെയില്‍വെ സ്റേഷനുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മക്കയിലെയും ജിദ്ദയിലെയും സ്റേഷനുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ജിദ്ദയില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തില്‍ ഹറമൈന്‍ ട്രെയിനു സ്റേഷനുണ്ടാകും. മദീനക്കും റാബിഗിനുമിടയില്‍ ട്രെയിന്‍ പരീക്ഷണ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. റാബിഗില്‍നിന്ന് ജിദ്ദയിലേക്കു പാളം സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നു ഹറമൈന്‍ ട്രെയിന്‍ പദ്ധതി വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍