കരാര്‍ ലംഘനം: തമിഴ് തൊഴിലാളിയെ നവയുഗം രക്ഷപ്പെടുത്തി
Friday, July 24, 2015 5:49 AM IST
ദമാം: സ്പോണ്‍സറുടെ കരാര്‍ ലംഘനത്തില്‍പ്പെട്ട് ഒരു വര്‍ഷത്തോളം വലഞ്ഞ തമിഴ്നാട് മധുര സ്വദേശി മുത്തുസ്വാമി മണികണ്ഠനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. മണികണ്ഠന്‍ ഒരു വര്‍ഷം മുന്‍പാണ് അദാമയില്‍ ഹെവി ഡ്രൈവര്‍ വീസയില്‍ ജോലിക്കായി എത്തുന്നത്. മോശമായ പെരുമാറ്റമാണ് തുടക്കം മുതലേ സ്പോണ്‍സര്‍ മണികണ്ഠനോടു കാട്ടിയത്. തുടക്കത്തില്‍ത്തന്നെ ഇക്കാമ എടുത്തു നല്‍കുകയോ, പറഞ്ഞ ശമ്പളം കൊടുക്കുകയോ ചെയ്യാതിരുന്ന സ്പോണ്‍സര്‍, ക്രമേണ ശമ്പളമോ, ഭക്ഷണത്തിനുള്ള കാശു പോലുമോ നല്‍കാതെയായി. ആറുമാസത്തോളം ശമ്പളം കിട്ടാതെയായപ്പോള്‍ മണികണ്ഠന്‍ ഇതിനെ ചോദ്യംചെയ്തപ്പോള്‍, താമസസ്ഥലത്തുനിന്ന് ഇറക്കി വിടുകയായിരുന്നു.

തെരുവിലായ മണികണ്ഠന്‍ സഹായത്തിനായി നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെയും ഷിബു കുമാറിന്റെയും സഹായം തേടുകയായിരുന്നു. അവരുടെ സഹായത്തോടെ സ്പോണ്‍സര്‍ക്കെതിരേ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും സ്പോണ്‍സര്‍ നേരിട്ട് ഹാജരാകാത്തതിനാല്‍ പല അവധിക്കുമാറ്റി വച്ചതിനാല്‍ കേസ് ആറു മാസത്തോളം നീണ്ടു പോകുകയായിരുന്നു. ഈ കാലയളവില്‍ എല്ലാം മണികണ്ഠന്‍ ഷിബുകുമാറിന്റെ സംരക്ഷണയില്‍ ആയിരുന്നു.

സ്പോണ്‍സര്‍ നിസഹകരണം തുടര്‍ന്നതിനാല്‍ ഷാജി മതിലകം വഴി മേല്‍ക്കോടതിയില്‍ കേസ് നല്‍കുകയും കോടതിയുടെ ശക്തമായ നിലപാടുമൂലം സ്പോണ്‍സര്‍ ഹാജരാകുകയും ചെയ്തു. തുടര്‍ന്നു സ്പോണ്‍സറുമായി ഷാജി മതിലകം നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വന്തം ടിക്കറ്റില്‍ പോകാമെങ്കില്‍ എക്സിറ്റ് നല്‍കാം എന്നു സ്പോണ്സര്‍ അറിയിച്ചു.

നവയുഗം അല്‍കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി ടിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്ന് സ്പോണ്‍സര്‍ എക്സിറ്റ് നല്‍കി.

തന്നെ സഹായിച്ച നവയുഗം പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് മണികണ്ഠന്‍ നാട്ടിലേക്കു തിരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം