സന്ദര്‍ശക വീസയിലെത്തിയ മലയാളി റിയാദില്‍ മരിച്ചു
Friday, April 17, 2015 3:48 AM IST
റിയാദ്: മകന്റെ കുടുംബത്തോടൊപ്പം കഴിയാനായി സന്ദര്‍ശക വീസയില്‍ ഭാര്യയോടൊപ്പം റിയാദിലെത്തിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ആലപ്ര കാരന്തുകുഴി കൊച്ചുണ്ണി മകന്‍ ഇബ്രാഹിം (73) ബുധനാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലം മരിച്ചു.

റിയാദിലെ നസീമില്‍ എ.സി വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്ന മകന്‍ സുലൈമാനോടും കുടുംബത്തോടുമൊപ്പം കഴിയാനാണ് ഇബ്രാഹിം ഏപ്രില്‍ ഒന്നിന് റിയാദിലെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഭാര്യ പാത്തുമ്മ. മറ്റുമക്കള്‍: പെരുമ്പാവൂരില്‍ പ്ളാസ്റിക് കമ്പനി നടത്തുന്ന അലി, സുബൈദ, ഷാഹിദ, ജമീല എന്നിവരും മക്കളാണ്.

ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റബുഅയിലെ അല്‍ രാജ്ഹി മസ്ജിദില്‍ നടക്കുന്ന മയ്യത്ത് നമസ്കാരാനന്തരം നസീം ഖബറിസ്ഥാനില്‍ മറവു ചെയ്യും. മരണാനന്തര നടപടികള്‍ക്ക് മകന്‍ സുലൈമാനോടൊപ്പം സഹായവുമായി നോര്‍ക്ക പ്രതിനിധി ശിഹാബ് കൊട്ടുകാട്, പെരുമ്പാവൂര്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദലി, ബഷീര്‍ കാരണയില്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍