കെഎംസിസി വനിതാ വിംഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
Monday, November 24, 2014 7:06 AM IST
റിയാദ്: വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന റിയാദ് കെഎംസിസി വനിതാ വിംഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഊജ്ജ്വല തുടക്കം. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് പ്രഖ്യാപിച്ച ഹെല്‍ത്ത് കാമ്പയിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ളാസോടെ ആരംഭിച്ച ഉദ്ഘാടന പരിപാടി വേറിട്ടതായി. സ്ത്രീകള്‍ക്കിടയിലെ പ്രമേഹ സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭകാല സങ്കീര്‍ണതകളും പരിചരണവും വന്ധ്യത തുടങ്ങി വിവിധങ്ങളായ ആരോഗ്യ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുത്ത ക്ളാസുകള്‍ നടന്നു.

ഷിഫാ അല്‍ജസീറ പോളിക്ളിനിക്കിലെ സീനിയര്‍ ഗൈനക്കോളജിസ്റ് ഡോ. റീന സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമേഹ രോഗത്തെ തടയാന്‍ ഫലപ്രദ മായ മാര്‍ഗങ്ങള്‍ ഉണ്െടന്നിരിക്കെ അതിനെക്കുറിച്ച് മനസിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകളുള്ള ഈ രോഗത്തെ നമുക്ക് ഒരു പരിധി വരെ അകറ്റി നിര്‍ത്താനാവുമെന്ന് ഡോ. റീന അഭിപ്രായപ്പെട്ടു. ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ അവരുടെ ഉത്തരവാദിത്വം മറക്കുകയാണെന്നും ഇത് ഭാര്യയുടെ മാത്രമല്ല കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമുഖ ഗൈനക്കോളജിസ്റ് ഡോ. എലിസബത്ത് ചൂണ്ടിക്കാട്ടി. നാട്ടിലെ പോലെയുള്ള പരിചരണം പ്രവാസി സ്ത്രീകള്‍ക്ക് ലഭ്യമല്ലെന്നിരിക്കെ ഇവിടെ ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുക യാണെന്നും ഡോ. എലിസബത്ത് പറഞ്ഞു. സദസിന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടര്‍മാര്‍ മറുപടി നല്‍കി.  വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.  ക്ളിനിക്ക് കമ്യൂണിറ്റി റിലേഷന്‍ മാനേജര്‍ ശിഹാബ് കൊട്ടുകാട് ആശംസ നേര്‍ന്നു. റിയാദിലെ പ്രമുഖരായ ഗായികമാര്‍ പങ്കെടുത്ത ഇശല്‍ സന്ധ്യ ഉദ്ഘാടന പരിപാടിക്ക് കൊഴുപ്പേകി. ഫാത്തിമ റഫീഖ്, റൈഹാന മുഹമ്മദ്കുട്ടി, ശറീന നാസര്‍, സുനീറ അസീസ്, ഹൈറുന്നീസ ടീച്ചര്‍, റജീന ഉസ്മാന്‍, ഹസ്ബീന നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സുബു അബ്ദുസലാം സ്വാഗതവും സമീറ മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍