അകാലത്തില്‍ പൊലിഞ്ഞ കൂട്ടുകാര്‍ക്ക് കായിക പ്രേമികളുടെ സ്മരണാജ്ഞലി
Monday, November 17, 2014 7:34 AM IST
ദമാം: ജിദ്ദയില്‍ നടക്കുന്ന ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കുവാനായി ദമാമില്‍ നിന്നും പുറപ്പെട്ട് തായിഫ് ഹൈവേയിലെ ദലമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച തങ്ങളുടെ കൂട്ടുകാരായ മലപ്പുറം ജില്ലയിലെ മുണ്േടങ്ങര സ്വദേശി തച്ചാംപറമ്പില്‍ സഹല്‍, പുളിക്കല്‍ പുത്തുംപാടം കിഴക്കുംകര സ്വദേശി ഫാറൂഖ്, കോഴിക്കോട് ബേപ്പൂര്‍ താഴത്തൊടിപറമ്പ് ബീവി മന്‍സിലില്‍ ആഷിഖ് എിവര്‍ക്ക് ദമാമിലെ കായിക പ്രേമികളുടെ സ്മരണാജ്ഞലി.

പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറ് കണക്കിന് കായിക പ്രേമികളുടേയും സാമൂഹിക സംസ്കാരിക പ്രവര്‍ത്തകരുടേയും സാന്നിധ്യമറിയിച്ച പരിപാടി അകാലത്തില്‍ പൊലിഞ്ഞ യുവകായിക പ്രതിഭകള്‍ക്ക് നല്‍കിയ ആദരവ് കൂടിയായിരുന്നു. തങ്ങളുടെ കൂട്ടുകാരുടെ വിയോഗം സൃഷ്ടിച്ച വേദനയില്‍ നിന്നും ഇപ്പോഴും മുക്തരായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അനുശോചന യോഗത്തില്‍ പങ്കെടുത്തവരുടെ വാക്കുകള്‍.

മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയുടെ കാല്‍പന്ത് മൈതാനങ്ങളെ ആവേശമാക്കുകയും അതോടൊപ്പം സൌഹൃദ കൂട്ടായ്മകള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ച സഹലിന്റേയും ആഷിഖിന്റേയും ഫാറൂഖിന്റേയും ഹൃദ്യമായ പെരുമാറ്റം എക്കാലവും ഓര്‍ക്കപ്പെടുമെന്നും ഇവര്‍ കായിക മേഖലക്ക് നല്‍കിയ സേവനങ്ങള്‍ വിലമതിക്കുന്നതാണെന്നും അനുശോചന യോഗത്തില്‍ പങ്കടുത്തവര്‍ പറഞ്ഞു.

അല്‍ മുന ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അബ്ദുള്‍ റസാക് ചേരിക്കല്‍ അധ്യക്ഷത വഹിച്ചു. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ അബ്ദുള്ള മഞ്ചേരി, കെ.പി. മമ്മു മാസ്റര്‍, മുഹമ്മദ് നജാത്തി, ടി.പി.എം. ഫസല്‍, ഇ.എം. കബീര്‍, റിയാസ് ഇസ്മായില്‍, ഷബീര്‍ ചാത്തമംഗലം, നമീര്‍ ചെറുവാടി, ഷമീര്‍ കൊടിയത്തൂറ്, സാബിത്ത്, വില്‍ഫ്രഡ് ഇംകോ, ഡോ. അബ്ദുസലാം എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ എടത്തനാട്ടുകര ദമാം പൌരാവലിയുടേ അനുശോചന സന്ദേശം യോഗത്തില്‍ വായിച്ചു. ആശിഖിന്റെ മൃതദേഹം ദലമില്‍ മറവ് ചെയ്യുന്നതിനും സഹലിന്റേയും ഫാറൂഖിന്റേയും മയ്യത്തുകള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായ സഹകരണങ്ങള്‍ നല്‍കിയ ജിദ്ദ ഇന്ത്യന്‍ കോസുലേറ്റിലെ അന്‍സാര്‍, ജാഫര്‍, സലീം (ദലം), ഷൌക്കത്ത് (ജുലൂം ആശുപത്രി), നവാസ് രാമനാട്ടുകര, ഹിഫ്സുറഹമാന്‍, കെ.ടി.എ. മുനീര്‍, റഷീദ് മുസ്തനീര്‍, പന്തളം ഷാജി, മുനീര്‍, ഷിഹാബ് വേളക്കാട്ട്, ജഷീദ്, റഫീക് കൂട്ടിലങ്ങാടി, നാസ് വക്കം എന്നിവര്‍ക്ക് യോഗം പ്രത്യേകം നന്ദി പറഞ്ഞു.

മുജീബ് കളത്തില്‍ സ്വാഗതവും റഫീക് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. റിയാസ് പട്ടാമ്പി, ആബിദലി കരങ്ങാടന്‍, സിദ്ദീഖ് കണ്ണൂര്‍, പ്രശാന്ത് വണ്ടൂര്‍, റിയാസ് പറളി, ഷമീര്‍ സാം, മണി ഇംകോ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം