പ്രവാസി വോട്ടവകാശം: പ്രവാസികളോടൊപ്പം കെഎംസിസിയുടെയും സ്വപ്ന സാക്ഷാത്കാരം
Saturday, October 18, 2014 8:25 AM IST
റിയാദ്: പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിന് അനുകൂല നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചതോടെ നിരവധി വര്‍ഷങ്ങളായി മുസ്ലിംലീഗും പ്രവാസിഘടകമായ കെഎംസിസിയും അധികാര കേന്ദ്രങ്ങളില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന ആവശ്യത്തിന് ഫലം കാണുകയാണെന്ന് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും അഭിപ്രായപ്പെട്ടു.

നാട്ടിലെ കേന്ദ്ര, സംസ്ഥാന ഭരണകര്‍ത്താകളെ തെരഞ്ഞെടുക്കുന്ന സമയത്ത് വോട്ടവകാശമില്ലാഞ്ഞിട്ടും മാതൃസംഘടനകള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കി പ്രവര്‍ത്തിച്ചിരുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനം സന്തോഷത്തിനു വകനല്‍കുന്നതാണ്. പ്രവാസി സമൂഹത്തിന്റെ ചിരകാല സ്വപ്നം പൂവണിയിക്കാന്‍ നിയമപോരാട്ടത്തിനിറങ്ങിയ യുഎഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലിനെ കെഎംസിസി അഭിനന്ദിക്കുന്നു.

പ്രവാസികള്‍ക്ക് പ്രതിനിധികളെ നിയോഗിച്ചുള്ള വോട്ടിംഗാണ് ഇ-പോസ്റല്‍ ബാലറ്റിനേക്കാളും അഭികാമ്യം. ഇ-പോസ്റല്‍ ബാലറ്റ് മുഖേനയും പ്രതിനിധികളെ നിയോഗിച്ചും തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തുനിന്നുതന്നെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ സൌകര്യം നല്‍കാന്‍ സന്നദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഇപോസ്റല്‍ വഴിയോ പ്രതിനിധികളെ ഉപയോഗിച്ചോ ഇപ്പോഴത്തേതുപോലെ നാട്ടില്‍വന്ന് നേരിട്ടോ വോട്ട് രേഖപ്പെടുത്താമെന്ന കമ്മീഷന്‍ നിര്‍ദേശം 31ന് ചീഫ് ജസ്റിസ് എച്ച്.എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുന്നതോടെ അന്തിമ തീരുമാനത്തിലെത്തും. വോട്ടവകാശം യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയുടെ ഭരണം ആര് കൈയാളണം എന്ന് തീരുമാനിക്കാനുള്ള കരുത്താണ് പ്രവാസികള്‍ക്ക് ലഭ്യമാകുന്നത്. പ്രവാസി സമ്മതിദാനാവകാശത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പേ മുറവിളി കൂട്ടാന്‍ തുടങ്ങിയത് കെഎംസിസിയെ പോലുള്ള ഗള്‍ഫിലെ മലയാളി സംഘടനകളാണ്.

രണ്ടുകോടിയിലധികം വരുന്ന പ്രവാസികളില്‍ പകുതിയിലേറെയും മലയാളികളാണ്.ഗള്‍ഫില്‍ മാത്രം 50 ലക്ഷത്തിലേറെ മലയാളി വോട്ടര്‍മാരുണ്ട്. വോട്ടവകാശം ഇല്ലാത്തതിനാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഫലം കാണുന്നില്ലെന്ന പരിഭവങ്ങള്‍ക്ക് ഇതോടെ പരിഹാരമുണ്ടാവുകയാണ്. ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ കെഎംസിസി വളരെയധികം പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാണുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന മുന്‍തൂക്കം നിലനിര്‍ത്തിക്കൊണ്ടുതന്നെ നാട്ടിലെ കേന്ദ്രസംസ്ഥാന ഭരണങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ജോലിചെയ്യുന്ന രാജ്യങ്ങളുടെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ പങ്കാളിത്തം വഹിക്കാന്‍ കെ.എംസിസി സൌദി നാഷണല്‍ കമ്മിറ്റി സജീവമായ പദ്ധതികളാവിഷ്ക്കരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍