കൊല്ലം പ്രവാസി സംഗമം ജനറല്‍ ബോഡി യോഗം നടത്തി
Monday, September 29, 2014 6:20 AM IST
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 26 ന് (വെള്ളി) നടത്തി. വൈകുന്നേരം ഷറഫിയ സഹാറ റസ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെപിഎസ്ജെ ഭാരവാഹികളും അംഗങ്ങളും പൊതുജനങ്ങളും ഉള്‍പ്പെടുന്ന സദസില്‍ സംഘടനയുടെ നാള്‍ വഴികളുടെ അവലോകനവും റിപ്പോര്‍ട്ട് അവതരണവും നടന്നു.

കെപിഎസ്ജെ ജനറല്‍ സെക്രട്ടറി കലാം മഞ്ഞപാറയുടെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് തോമസ് വൈദ്യന്‍ അധ്യക്ഷത വഹിച്ചു. പരസ്പര സഹകരണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ഏറ്റെടുത്തു നടത്തിയ നിര്‍ണായകമായ ജീവകാരുണ്യ സേവന കര്‍മങ്ങള്‍ക്ക് അടിസ്ഥാനം എന്ന് അദ്ദേഹം വിലയിരുത്തി. പരിപാടിയില്‍ മലയാളം ന്യൂസ് സീനിയര്‍ എഡിറ്റര്‍ എം. സജിത്ത് 'പ്രവാസികളും കുടുംബവും' എന്ന വിഷയത്തില്‍ ബോധാവത്കരണ പ്രഭാഷണം നടത്തി. ആകസ്മിക മരണങ്ങള്‍ അപകടങ്ങള്‍ എന്നിവയില്‍ പെട്ട് തകരുന്ന പ്രവാസി കുടുംബങ്ങളുടെ ദയനീയ അവസ്ഥകള്‍ വിവരിച്ച അദ്ദേഹം തനിക്കുശേഷം തന്റെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് പ്രവാസികള്‍ ബോധവാന്മാരായിരിക്കണമന്നും ഓര്‍മിപ്പിച്ചു. സാമ്പത്തിക ഭദ്രത അച്ചടക്കം മിതവ്യയം ദുശീലങ്ങള്‍ വര്‍ജിക്കല്‍ ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രവാസികള്‍ കുശാഗ്രതയോടെ ചെയ്യേണ്ടുന്ന നല്ല ശീലങ്ങള്‍ വിവരിച്ച അദ്ദേഹം അത് തങ്ങളുടെ കുടുംബങ്ങളിലും പ്രായോഗികവത്കരിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും ഉണര്‍ത്തി.

കെപിഎസ്ജെ ഭരണസമിതിയിലേക്ക് പുതിയതായി നിയമിതരായ എക്സിക്യുട്ടീവ് അംഗങ്ങളെ മുഖ്യ രക്ഷാധികാരി മുഹമ്മദ് ബൈജു സദസിന് പരിചയപ്പെടുത്തി. നിസ്വാര്‍ഥമായ സേവനങ്ങള്‍ വഴി സംഘടനയുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പുതിയ അംഗങ്ങളെ ആഹ്വാനംചെയ്തു. സലിം പന്മന, മുജീബ് ഷാനവാസ്, വിജയ് കുഞ്ഞാപ്പി, മനോജ് കുമാര്‍, ബിനു രാജന്‍, ചിതറ വിജാസ്, മുജീബ് കുട്ടി എന്നിവരെയാണ് ഭരണസമിതിയിലേക്ക് പുതിയതായി ഉള്‍പ്പെടുത്തിയത്. തികഞ്ഞ ഉത്തരവാദിത്തത്തോടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് ഭരണസിതിയംഗങ്ങള്‍ അറിയിച്ചു.

സംഘടനയുടെ പൊതു റിപ്പോര്‍ട്ട് ലുലു സൈനിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ബാബുരാജും പൊതുകാര്യ സേവന റിപ്പോര്‍ട്ട് സോമരാജന്‍ പിള്ളയും ഇവന്റ് മാനേജ്മന്റ് റിപ്പോര്‍ട്ട് സിറാജ് അയത്തിലും കലാമിതി റിപ്പോര്‍ട്ട് രാജീവ് ചവറയും വികസന സമിതി റിപ്പോര്‍ട്ട് ഫസിലുദ്ദീനും അവതരിപ്പിച്ചു. ഷാജി ഫ്രാന്‍സിസ് നന്ദി പ്രകാശിപ്പിച്ചു.